Loading time...
Global

യമനിൽ യുദ്ധത്തിന്റെ ഇരകളായി കുരുന്നുകൾ; മൂന്ന് മാസത്തിനിടെ 64 കുട്ടികൾ കൊല്ലപ്പെട്ടു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Nov 2026, 8:12 am
Updated on: 22 Nov 2026, 8:12 am
Share:
Follow Us: YouTube
Feature Image

യമനിലെ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാകുമ്പോൾ ഏറ്റവും വലിയ വില നൽകേണ്ടിവരുന്നത് അവിടുത്തെ കുട്ടികൾക്കാണ്. വീടുകളും സ്കൂളുകളും ആശുപത്രികളുമെല്ലാം ആക്രമണങ്ങളുടെ നിഴലിലായതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. സെപ്റ്റംബർ മൂന്നിന് സംഘർഷം വീണ്ടും ശക്തമായതിന് ശേഷം ഇതുവരെ 64 കുട്ടികൾ കൊല്ലപ്പെട്ടതായും 64 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ സംഘടനയായ യൂണിസെഫ് അറിയിച്ചു.

 

തായ്‌സ്, ലാഹ്‌ജ് തുടങ്ങിയ ജനവാസ മേഖലകളിലാണ് ഏറ്റുമുട്ടലുകൾ കൂടുതൽ രൂക്ഷമായി തുടരുന്നത്. കുട്ടികൾ കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതും അതീവ വേദനാജനകമാണെന്നും പുറത്തുവരുന്ന ഓരോ കണക്കിനും പിന്നിൽ തകർന്നുപോയ ഓരോ കുടുംബത്തിന്റെയും ജീവിതമാണുള്ളതെന്നും യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രതികരിച്ചു.

 

യുദ്ധം മനുഷ്യരുടെ ജീവനെടുക്കുന്നതിനൊപ്പം അവശ്യസേവനങ്ങളെയും തകർക്കുകയാണ്. സംഘർഷം ശക്തമായതിനു ശേഷം ഏഴ് സ്കൂളുകൾക്കും 28 ആരോഗ്യകേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നവംബർ രണ്ടിന് ലാഹ്‌ജിലെ അൽ സുഖിയ ആരോഗ്യകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഏകദേശം 1,700 പേർക്ക് ചികിത്സ ലഭിച്ചിരുന്ന കേന്ദ്രമാണ് ഇതോടെ പ്രവർത്തനരഹിതമായത്.

 

സുരക്ഷിതമായ ഒരിടം തേടി വീടുവിട്ടിറങ്ങുന്നവരുടെ എണ്ണവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. പുതിയ സംഘർഷങ്ങൾക്ക് ശേഷം 3.30 ലക്ഷത്തിലധികം ആളുകൾക്ക് താമസസ്ഥലങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. ഇതിൽ 1.74 ലക്ഷത്തോളം കുട്ടികളാണ്. തകർന്ന കെട്ടിടങ്ങളിലും താൽക്കാലിക അഭയകേന്ദ്രങ്ങളിലും കഴിയുന്ന ഇവർക്ക് ആവശ്യത്തിന് ഭക്ഷണമോ ശുദ്ധജലമോ ചികിത്സയോ ലഭിക്കുന്നില്ല. ക്യാമ്പുകളിലെ ശുചിത്വക്കുറവും കുടിവെള്ളക്ഷാമവും പുതിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

 

തായ്‌സ് നഗരത്തിലെ സ്ഥിതി പ്രത്യേകിച്ചും ആശങ്കാജനകമാണ്. ഏദനിൽ നിന്നുള്ള പ്രധാന റോഡ് അടച്ചതോടെ എട്ട് ലക്ഷത്തിലധികം ആളുകൾ പുറംലോകത്തുനിന്നുള്ള സഹായം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ ശുദ്ധജല ഉൽപ്പാദനം പകുതിയോളം കുറഞ്ഞു. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില ഇരട്ടിയിലധികമായി ഉയർന്നതോടെ സാധാരണക്കാർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. മരുന്നുകളും ഓക്സിജനും വൈദ്യുതിയും ലഭിക്കാത്തത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.

 

കുട്ടികളുടെ വിദ്യാഭ്യാസവും വലിയ പ്രതിസന്ധിയിലാണ്. സംഘർഷബാധിത പ്രദേശങ്ങളിൽ 1,160-ലധികം സ്കൂളുകൾ അടച്ചുപൂട്ടിയതോടെ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികളുടെ പഠനം മുടങ്ങി. ഇതിന് പുറമെ യൂണിസെഫ് നടത്തിയ പരിശോധനയിൽ ഓരോ മൂന്ന് കുട്ടികളിൽ ഒരാൾക്ക് വീതം കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. യുദ്ധത്തിനൊപ്പം പട്ടിണിയും ചികിത്സയുടെ അഭാവവും ചേരുമ്പോൾ ഒരു തലമുറയുടെ ഭാവി തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് യമനിലുള്ളത്.

 

ദുരിതബാധിതർക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ യൂണിസെഫ് ശക്തമാക്കിയിട്ടുണ്ട്. 5.60 ലക്ഷം ആളുകളിലേക്ക് അടിയന്തര സഹായം എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ആരോഗ്യപ്രവർത്തകരെയും പോഷകാഹാര വിദഗ്ധരെയും വിവിധ പ്രദേശങ്ങളിലെ അഭയകേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ശുദ്ധജല വിതരണവും വർധിപ്പിക്കുന്നുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കും കുടുംബങ്ങളിൽനിന്ന് വേർപെട്ടുപോയവർക്കും പ്രത്യേക പരിചരണവും മാനസിക പിന്തുണയും നൽകുന്നുണ്ട്.

 

യുദ്ധം അവസാനിപ്പിക്കാനും കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ചികിത്സ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാനും സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണമെന്നാണ് യൂണിസെഫിന്റെ ആവശ്യം. രാഷ്ട്രീയവും സൈനികവുമായ പോരാട്ടങ്ങൾക്കിടയിൽ ബാല്യം നഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളുടെ ജീവിതമാണ് ഇന്ന് യമൻ ലോകത്തിന് മുന്നിൽ ഉയർത്തുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം.