ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ആശങ്കാജനകമായി തുടരുന്നതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ കണക്കുകൾ. 2024ൽ മാത്രം രാജ്യത്ത് 1,70,746 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 1,25,449 പേർ പുരുഷന്മാരാണ്. അതായത് ആകെ ആത്മഹത്യകളിൽ 73.5 ശതമാനവും പുരുഷന്മാരുടേതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യകളിലേക്ക് നയിക്കുന്ന പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2024ലെ ആകെ ആത്മഹത്യകളിൽ 33.5 ശതമാനവും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. രോഗങ്ങൾ 18 ശതമാനം കേസുകൾക്കും ലഹരിവസ്തുക്കളുടെ ഉപയോഗവും ആസക്തിയും 7.6 ശതമാനം കേസുകൾക്കും കാരണമായി. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രണയബന്ധങ്ങളിലെ തകർച്ച, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ സംബന്ധമായ പ്രതിസന്ധികൾ എന്നിവയും ആത്മഹത്യകളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
കേരളത്തിലെ കണക്കുകളും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. 2024ൽ സംസ്ഥാനത്ത് 10,856 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ലക്ഷം ആളുകളിൽ 30.2 പേർ എന്നതാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. ദേശീയ ശരാശരി 12.2 മാത്രമായിരിക്കെ കേരളത്തിലെ നിരക്ക് അതിന്റെ രണ്ടര മടങ്ങിനടുത്താണ്. ആത്മഹത്യാനിരക്കിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം.
2023ൽ രാജ്യത്ത് 1,71,418 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2024ൽ ഇത് 1,70,746 ആയി നേരിയ തോതിൽ കുറഞ്ഞെങ്കിലും കണക്കുകൾ ഇപ്പോഴും ഗുരുതരമായ സാമൂഹിക ആശങ്ക ഉയർത്തുന്നു. 18 മുതൽ 45 വയസ്സുവരെയുള്ളവരാണ് ആത്മഹത്യകളിൽ വലിയൊരു പങ്ക് വരുന്നത്. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, മാനസിക സമ്മർദം, സാമ്പത്തിക പ്രതിസന്ധി, ലഹരി ഉപയോഗം തുടങ്ങിയവ പരിഹരിക്കാൻ കൂടുതൽ സാമൂഹിക പിന്തുണയും മാനസികാരോഗ്യ സേവനങ്ങളും ആവശ്യമാണെന്ന മുന്നറിയിപ്പാണ് ഈ കണക്കുകൾ നൽകുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .