പുകവലി ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല, പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെയും ഗുരുതരമായി ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകൾക്ക് വന്ധ്യതയ്ക്കുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പുകവലിക്കാത്തവരാണെങ്കിലും മറ്റുള്ളവരുടെ പുക ശ്വസിക്കേണ്ടി വരുന്ന സ്ത്രീകളിൽ വന്ധ്യതാ സാധ്യത 20 ശതമാനം വരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പുരുഷന്മാരിലും പുകവലി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബീജത്തിന്റെ ഗുണനിലവാരത്തെയും ചലനശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം ഉദ്ധാരണ വൈകല്യം അഥവാ എറക്ടൈൽ ഡിസ്ഫംഗ്ഷൻ ഉണ്ടാകാനുള്ള സാധ്യതയും പുകവലി വർധിപ്പിക്കുന്നു. ലോകമെമ്പാടുമായി ഓരോ വർഷവും ഏകദേശം 60,000 പുരുഷന്മാർ ഇത്തരം പ്രശ്നങ്ങൾ മൂലം ചികിത്സ തേടുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പുകവലി പൂർണമായി നിർത്തുന്നതിലൂടെ ഇത്തരം അപകടസാധ്യതകൾ കുറയ്ക്കാൻ കഴിയുമെന്നതാണ് ആശ്വാസകരമായ കാര്യം. പുകവലി നിർത്തിയ സ്ത്രീകളിൽ, പുകവലി തുടരുന്നവരെ അപേക്ഷിച്ച് വന്ധ്യതാ സാധ്യത 25 ശതമാനം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഐവിഎഫ് ഉൾപ്പെടെയുള്ള കൃത്രിമ ഗർഭധാരണ ചികിത്സകൾ സ്വീകരിക്കുന്നവരിലും പുകവലി ഗർഭധാരണത്തിനും പ്രസവത്തിനുമുള്ള സാധ്യത കുറയ്ക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതികൾക്ക് പുകവലി വലിയൊരു വെല്ലുവിളിയാകാമെന്നാണ് ഈ പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്. സ്വന്തം ആരോഗ്യത്തിനൊപ്പം വരാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയും പരിഗണിച്ച് പുകവലി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ റിപ്പോർട്ട് ഓർമിപ്പിക്കുന്നത്.