PJ.2.1 എന്ന് വിളിക്കപ്പെടുന്ന കോവിഡ്-19-ന്റെ ഒരു പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയതായി റിപ്പോർട്ട്. ഈ വകഭേദവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ സാധാരണ ജലദോഷം, പനി, പോലെയായിരിക്കാമെന്നും, പരിശോധനകളിലൂടെയല്ലാതെ രോഗബാധയുണ്ടോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരിക്കുമെന്നും ലോകാരോഗ്യ സംഘടനയായ
WHO അറിയിച്ചു. എന്നാൽ, ഇതിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതി, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് ആരോഗ്യത്തിന് കൂടുതൽ ദോഷകരമാണോ തുടങ്ങിയ കാര്യങ്ങളിൽ ആശങ്കയുണ്ടെന്നും WHO പറഞ്ഞു. PJ.2.1-നെ സംബന്ധിച്ച പ്രധാന ആശങ്കകളിലൊന്ന്, ഇതിന്റെ ലക്ഷണങ്ങൾ മറ്റ് ശ്വാസകോശ അണുബാധകളുടേതിന് സമാനമാകാം എന്നതാണ്.
PJ.2.1 എന്ന ഈ വകഭേദത്തിന് രോഗപ്പകർച്ചയെ സഹായിക്കുന്ന ചില സവിശേഷതകൾ ഉണ്ടായേക്കാമെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ്-19-ന് കാരണമാകുന്ന വൈറസായ SARS-CoV-2-ന്റെ ഒരു വകഭേദമാണ് PJ.2.1. മനുഷ്യകോശങ്ങളുമായി ബന്ധിപ്പിക്കാനും അവയ്ക്കുള്ളിലേക്ക് പ്രവേശിക്കാനും ഈ വൈറസ് ഉപയോഗിക്കുന്ന 'സ്പൈക്ക് പ്രോട്ടീനിൽ' ഇതിന് നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
2026 ഒക്ടോബറിലെ ഒരു പ്രീപ്രിന്റ് പഠനമനുസരിച്ച്, 2026 മെയ് 2-ന് കാനഡയിലെ ഒന്റാറിയോയിൽ നിന്നാണ് PJ.2.1-ന്റെ ആദ്യത്തെ സ്ഥിരീകരിക്കപ്പെട്ട സാമ്പിൾ ശേഖരിച്ചത്. തുടർന്ന് കാനഡയുടെ മറ്റ് ഭാഗങ്ങളിലും ഈ വകഭേദം കണ്ടെത്തി. പിന്നീട് ജൂൺ 30-ന് ന്യൂയോർക്കിലും ഇത് തിരിച്ചറിയപ്പെട്ടു. സ്പെയിൻ, ഫ്രാൻസ്, ഇസ്രായേൽ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും, അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു. മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ കൊറോണ വൈറസ് ഉപയോഗിക്കുന്ന 'ACE2 റിസപ്റ്ററുമായി' കൂടുതൽ കാര്യക്ഷമമായി ബന്ധപ്പെടാൻ PJ.2.1-ന് സാധിക്കുമെന്ന് ലബോറട്ടറി പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ സവിശേഷത വൈറസ് പടരുന്നതിന് സഹായിച്ചേക്കാമെന്നാണ് ഗവേഷകർ കരുതുന്നത്.