Loading time...
Local

ഒരുകാലത്ത് ഇലക്ട്രോണിക്സ് വിപണിയിലെ രാജാവ്; ഇന്ന് 12,668 കോടിയുടെ കടത്തിൽ പാപ്പരായി വിഡിയോകോൺ ഉടമ വേണുഗോപാൽ ധൂത്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Nov 2026, 9:01 am
Updated on: 6 Nov 2026, 9:03 am
Share:
Follow Us: YouTube
Feature Image

ഒരുകാലത്ത് ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിലെ പ്രമുഖ ബ്രാൻഡായിരുന്ന വിഡിയോകോണിന്റെ പ്രമോട്ടർ വേണുഗോപാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ച് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ. 12,668.06 കോടി രൂപയുടെ വായ്പാ കുടിശികയുമായി ബന്ധപ്പെട്ട് എസ്ബിഐ നൽകിയ ഹർജിയിലാണ് എൻസിഎൽടിയുടെ മുംബൈ ബെഞ്ചിന്റെ നടപടി.

 

വായ്പ തിരിച്ചടയ്ക്കാനുള്ള ധൂതിന്റെ പദ്ധതി എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ നേരത്തേ തള്ളിയിരുന്നു. ഇതോടെയാണ് ബാങ്ക് പാപ്പരത്ത നടപടികളുമായി എൻസിഎൽടിയെ സമീപിച്ചത്. ധൂതിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ആശിഷ് നാരായണിനെ ബാങ്ക്റപ്റ്റ്സി ട്രസ്റ്റിയായി കോടതി നിയമിച്ചു. ഏഴ് ദിവസത്തിനകം തന്റെ സ്വത്തുക്കളുടെ പൂർണ വിവരങ്ങൾ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

 

വിഡിയോകോൺ എടുത്ത വായ്പകളുടെ വിശദാംശങ്ങൾ ബാങ്കുകളിൽനിന്ന് ശേഖരിച്ച് 90 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ട്രസ്റ്റിയോട് നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ധൂതിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതും ലേലത്തിലൂടെ ബാങ്കുകളുടെ കുടിശിക തിരിച്ചുപിടിക്കാനുള്ള നടപടികളും ട്രസ്റ്റിയുടെ ചുമതലയിലായിരിക്കും.

 

സിലിഗുഡിയിലെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് 36 മാസത്തിനകം 600 കോടി രൂപ തിരിച്ചടയ്ക്കാമെന്നായിരുന്നു ധൂതിന്റെ വാഗ്ദാനം. എന്നാൽ പദ്ധതിയുടെ വിജയസാധ്യതയും ആവശ്യമായ അനുമതികളും ഭാവി വരുമാനവും സംബന്ധിച്ച് ആശങ്കയുള്ളതിനാൽ ബാങ്കുകൾ ഈ നിർദേശം അംഗീകരിച്ചില്ല.

 

വിഡിയോകോൺ ഇൻഡസ്ട്രീസും വിഡിയോകോൺ ടെലികമ്യൂണിക്കേഷൻസും എടുത്ത വായ്പകൾക്ക് വ്യക്തിഗത ജാമ്യം നിന്നിരുന്നത് വേണുഗോപാൽ ധൂതായിരുന്നു. വായ്പകൾ തിരിച്ചടയ്ക്കാതെ കുടിശികയായതോടെയാണ് അദ്ദേഹത്തിനെതിരെയും നടപടി ആരംഭിച്ചത്.

 

ഒരുകാലത്ത് ഇന്ത്യൻ വീടുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിഡിയോകോൺ. ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിലൂടെ വിപണിയിൽ ശക്തമായ സാന്നിധ്യം നേടിയ കമ്പനി പിന്നീട് ടെലികോം, ഓയിൽ ആൻഡ് ഗ്യാസ്, ഡി2എച്ച് മേഖലകളിലേക്കും വ്യാപിച്ചു. എന്നാൽ വൻതോതിലുള്ള കടമെടുപ്പും തുടർന്നുണ്ടായ തിരിച്ചടികളും കമ്പനിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി.

 

2012ൽ 122 ടെലികോം ലൈസൻസുകൾ സുപ്രീംകോടതി റദ്ദാക്കിയതോടെ വിഡിയോകോണിന്റെ ടെലികോം ബിസിനസിന് വലിയ തിരിച്ചടിയേറ്റു. ഇലക്ട്രോണിക്സ് വിപണിയിൽ ആഗോള ബ്രാൻഡുകളിൽനിന്നുള്ള മത്സരവും തിരിച്ചടിയായി. ഒടുവിൽ 2017ൽ പാപ്പരത്ത നടപടികൾക്കായി റിസർവ് ബാങ്ക് കണ്ടെത്തിയ 12 വൻകിട വായ്പാ കുടിശികക്കാരുടെ പട്ടികയിലും വിഡിയോകോൺ ഇടംപിടിച്ചു.

 

ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ തലയുയർത്തി നിന്നിരുന്ന വിഡിയോകോൺ സാമ്രാജ്യത്തിന്റെ തകർച്ചയുടെ മറ്റൊരു അധ്യായമായിരിക്കുകയാണ് ഇപ്പോൾ വേണുഗോപാൽ ധൂതിനെതിരായ പാപ്പരത്ത നടപടി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .