സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ.
കാന്തപുരത്തിന്റെ നിലപാടിനൊപ്പം സർക്കാരോ കോൺഗ്രസ് പാർട്ടിയോ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 21-ാം നൂറ്റാണ്ടിൽ പറയേണ്ടതല്ലാത്ത കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്നും വി.ഡി. സതീശൻ വിമർശിച്ചു.
സ്ത്രീകൾ വീടുകളിൽ മാത്രം ഒതുങ്ങേണ്ടവരല്ലെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ സജീവമായി പങ്കെടുക്കണമെന്നുമാണ് സർക്കാരിന്റെയും കോൺഗ്രസ് പാർട്ടിയുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക ചരിത്രത്തെയും കാന്തപുരത്തിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായ ആയിഷ യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകിസ് രാജ്ഞിയെയും മുഖ്യമന്ത്രി പരാമർശിച്ചു. ഖലീഫ ഉമറിന്റെ രാജസദസ്സിൽ മഹർ കുറയ്ക്കാനുള്ള തീരുമാനത്തെ ഒരു സ്ത്രീ ചോദ്യം ചെയ്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സ്ത്രീ പറഞ്ഞതാണ് ശരിയെന്ന് ഉമർ വ്യക്തമാക്കിയെന്നും രാജസദസ്സിൽ പോലും സ്ത്രീകൾ ഉണ്ടായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളാതെ തന്ത്രപരമായ നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാകാം കാന്തപുരം ഇത്തരമൊരു പരാമർശം നടത്തിയതെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെ പൂർണമായും തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. കോൺഗ്രസ് മന്ത്രിമാർ നേരത്തേ കാന്തപുരത്തെ വിമർശിച്ചിരുന്നു. എന്നാൽ ലീഗ് മന്ത്രിമാർ വിഷയത്തിൽ പ്രതികരിച്ചില്ല.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .