ബ്രസീലിൽ 16 പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയായിരുന്ന സീരിയൽ കില്ലർ ഹോർലാൻ ലോപ്പസ് ഡസിൽവ (33) ഒടുവിൽ പിടിയിലായി. പൊലീസിനെ വെട്ടിച്ച് കാട്ടിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ പെൺവേഷം ധരിച്ചാണ് ആൾമാറാട്ടത്തിന് ശ്രമിച്ചത്.
വടക്കുകിഴക്കൻ ബ്രസീലിലെ പരായിബ സംസ്ഥാനത്തെ മുലുൻഗു മേഖലയിലാണ് ഡസിൽവ 16 പേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട രഹസ്യ ദൗത്യത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിന് പിന്നാലെയാണ് അന്വേഷണ സംഘം ഇയാളുടെ ഒളിവുജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
വിജനപ്രദേശങ്ങളിൽ നടന്ന കൊലപാതകങ്ങൾക്ക് പിന്നാലെ ഇയാൾ വർഷങ്ങളോളം പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ കഴിഞ്ഞിരുന്നു. മെലിഞ്ഞ ശരീരപ്രകൃതിയുള്ളതിനാൽ നാട്ടുകാർ ‘കൊതുക്’ എന്നായിരുന്നു ഇയാളെ വിളിച്ചിരുന്നത്. കൂടുതലും കാട്ടിൽ കഴിഞ്ഞിരുന്നതിനാൽ ഇയാളുടെ സാന്നിധ്യം ആരും സംശയിച്ചിരുന്നില്ല.
18 വയസ്സുള്ള യുവാവിനെ റോഡിൽ വെടിവച്ച് കൊലപ്പെടുത്തിയതോടെയാണ് ഇയാളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയത്. താൻ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ ഡസിൽവ ഒരു കുഞ്ഞിനെ തട്ടിയെടുത്ത് കൈയിൽ പിടിച്ച് ആൾമാറാട്ടത്തിനും ശ്രമിച്ചതായി അന്വേഷണ സംഘം പറയുന്നു.
പിന്നീട് നഖങ്ങളിൽ ചായം പൂശിയും വിഗ് ധരിച്ചും പെൺവേഷത്തിൽ കാട്ടിലെ വിവിധ ഭാഗങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു. വെള്ള വരകളുള്ള കറുത്ത വസ്ത്രവും വിഗും നഖങ്ങളിൽ ചായവും ധരിച്ച നിലയിലാണ് ഒടുവിൽ പൊലീസ് ഇയാളെ പിടികൂടിയത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .