കാമുകനുമായുള്ള വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി. യുവാവുമായുള്ള ദീർഘകാല ബന്ധത്തിനൊടുവിൽ വിവാഹാഭ്യർഥന നിരസിക്കപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിവാഹവാഗ്ദാനം നൽകി യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
പൊലീസ് റിപ്പോർട്ട് പ്രകാരം ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. നാഗ്പുരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി സുഹൃത്തിനൊപ്പമായിരുന്നു താമസം. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ 34കാരനായ യുവാവ് പൂണെയിൽ ഗവേഷക വിദ്യാർഥിയാണ്.
കുറച്ച് മാസങ്ങൾക്ക് മുൻപ് യുവാവും സുഹൃത്തും ചേർന്ന് യുവതിയുടെ മാതാവിനെ സമീപിച്ച് വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ കുടുംബം വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യം യുവതിയിൽനിന്ന് മറച്ചുവെച്ച യുവാവ് നാഗ്പുരിലെത്തി അവരെ കാണുന്നത് തുടർന്നു.
വിവാഹത്തെക്കുറിച്ച് യുവതി ചോദിക്കുമ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറിയിരുന്നതായാണ് പൊലീസ് പറയുന്നത്. പിന്നീട് വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് യുവതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കാമുകനുമായുള്ള വീഡിയോ കോളിനിടെ ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .