അപകടം സംഭവിച്ചത് നിലത്തിറങ്ങാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ. അമേരിക്കയിലെ കാലിഫോർണിയയിൽ സ്കൈഡൈവിങ്ങിനിടെ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് രണ്ട് വനിതകൾ മരിച്ചു. വെള്ളിയാഴ്ച ലേക്ക് എൽസിനോറിലെ സ്കൈഡൈവ് എൽസിനോർ കേന്ദ്രത്തിലായിരുന്നു അപകടം. സ്കൈഡൈവിങ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ പരിചയസമ്പന്നരും ലൈസൻസുള്ളവരുമായ രണ്ട് വനിതകളാണ് മരിച്ചത്.
29 വയസ്സുകാരിയായ ലെവി പിമെന്റലും 56 വയസ്സുകാരിയായ ജോർജിയ ജീനുമാണ് മരിച്ചത്. ഇരുവരും മറ്റ് നഗരങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയവരായിരുന്നു. സ്കൈഡൈവിങ്ങിന്റെ തുടക്കത്തിൽ കാര്യങ്ങളെല്ലാം സാധാരണ നിലയിലായിരുന്നു. വിമാനത്തിൽ നിന്ന് ചാടിയതിനുശേഷമുള്ള ഫ്രീഫാൾ ഘട്ടവും പാരച്യൂട്ടുകൾ തുറന്നതും പ്രശ്നങ്ങളില്ലാതെയായിരുന്നു.
എന്നാൽ നിലത്തിറങ്ങാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിതമായി ഇരുവരും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 150 അടി ഉയരത്തിലായിരുന്നു ഇത്. കൂട്ടിയിടിയുടെ ആഘാതത്തിൽ പാരച്യൂട്ടുകൾ പരസ്പരം കുരുങ്ങി. നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും നിലത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ടവരുടെ പാരച്യൂട്ടുകൾക്ക് തകരാറുണ്ടായിരുന്നതായി പ്രാഥമികമായി സൂചനകളില്ലെന്നാണ് സ്കൈഡൈവിങ് കേന്ദ്രത്തിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ അറിയിച്ചിട്ടുണ്ട്. പാരച്യൂട്ടുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വലിയൊരു സ്കൈഡൈവിങ് നേട്ടം ലക്ഷ്യമിട്ട് പരിശീലനം നടത്തുകയായിരുന്ന സംഘത്തിലെ അംഗങ്ങളായിരുന്നു ഇവരെന്ന് ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.