Loading time...
Local

ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് കോൺഗ്രഷണൽ പ്രതിനിധി സംഘവും മുംബൈയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Oct 2026, 8:44 am
Updated on: 20 Oct 2026, 8:44 am
Share:
Follow Us: YouTube
Feature Image

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി മുംബൈയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് കോൺഗ്രഷണൽ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, ഊർജ്ജം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ സംഘം ചർച്ച ചെയ്തു. യുഎസ് കോൺഗ്രഷണൽ പ്രതിനിധി സംഘത്തെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യ-യുഎസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള അവരുടെ ക്രിയാത്മകമായ മനോഭാവത്തെയും താൽപ്പര്യത്തെയും അഭിനന്ദിക്കുന്നുവെന്നും കൂടിക്കാഴ്ചക്കുശേഷം എസ്. ജയശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യങ്ങളെക്കുറിച്ചും, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും യുഎസ് കോൺഗ്രഷണൽ പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

ഏറെക്കാലമായി കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നുവെന്ന സൂചനകൾക്കിടയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സന്ദർശനം. ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലേക്ക് വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്നും റൂബിയോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉപരോധങ്ങളും തീരുവകളും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയെ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയും പങ്കാളിയുമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആഗോള ഊർജ്ജ വിതരണത്തിലും വിലയിലും ഉണ്ടാകാൻ സാധ്യതയുള്ള ആഘാതം ഉൾപ്പെടെ, നിർദ്ദിഷ്ട നടപടികൾ സൃഷ്ടിച്ചേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്താൻ സമയം ആവശ്യമാണെന്നും റൂബിയോ പറഞ്ഞു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .