Loading time...
Business

മൈക്രോസോഫ്റ്റും ആപ്പിളും സുരക്ഷിതമല്ലേ? എൻഎസ്എ സംവിധാനങ്ങളിലെ വീഴ്ചകൾ ചർച്ചയാകുന്നു!

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Nov 2026, 6:19 am
Updated on: 19 Nov 2026, 6:19 am
Share:
Follow Us: YouTube
Feature Image

അമേരിക്കയിലെ ഡിജിറ്റൽ സംവിധാനങ്ങളിലുണ്ടായ തുടർച്ചയായ തകരാറുകളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. വെറും ആറു ദിവസത്തിനിടെ രാജ്യത്തെ പ്രമുഖ ടെക് കമ്പനികൾക്കും ബാങ്കുകൾക്കും വിമാന സർവീസുകൾക്കും സുരക്ഷാ ഏജൻസികൾക്കും വരെ സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ നിലച്ചതിന് പിന്നാലെ ആപ്പിളിന്റെ നിരവധി സംവിധാനങ്ങളും പ്രവർത്തനരഹിതമായി. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ എൻഎസ്എയുടെ ആഭ്യന്തര നെറ്റ്‌വർക്കിലും തടസ്സമുണ്ടായതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.

 

നവംബർ 12-നാണ് മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ ഏകദേശം 24 മണിക്കൂറോളം തടസ്സപ്പെട്ടത്. ഇതിന് പിന്നാലെ നവംബർ 13-ന് അമേരിക്കയിലെ വിമാന ഗതാഗതത്തെയും സാങ്കേതിക തകരാർ ബാധിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ആശയവിനിമയ സംവിധാനത്തിലുണ്ടായ പ്രശ്നത്തെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവയ്ക്കേണ്ടിവന്നു. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ വിമാന ഗതാഗത തടസ്സങ്ങളിലൊന്നായിരുന്നു ഇത്.

 

ഇതിനുപിന്നാലെ നവംബർ 16-ന് പ്രമുഖ അമേരിക്കൻ ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങളിലും പ്രശ്നങ്ങളുണ്ടായി. ജെപി മോർഗൻ ചേസ് ഉൾപ്പെടെയുള്ള ബാങ്കുകളുടെ സേവനങ്ങൾ ലഭിക്കാതെ വന്നതോടെ നിരവധി ഉപഭോക്താക്കളാണ് ബുദ്ധിമുട്ടിലായത്. യുണൈറ്റഡ് എയർലൈൻസിന്റെ ആഭ്യന്തര സംവിധാനത്തിലുണ്ടായ തകരാറും നൂറുകണക്കിന് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചു.

 

എന്നാൽ ഏറ്റവും ശ്രദ്ധേയമായ സംഭവം നവംബർ 17-നാണ് ഉണ്ടായത്. അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കൈമാറുന്ന എൻഎസ്എയുടെ NSANet എന്ന ആഭ്യന്തര നെറ്റ്‌വർക്കിൽ തടസ്സം നേരിട്ടു. അതേസമയം ആപ്പിൾ പേ, ആപ്പ് സ്റ്റോർ, ഐക്ലൗഡ്, ആപ്പിൾ മ്യൂസിക് തുടങ്ങിയ സേവനങ്ങളും പ്രവർത്തനരഹിതമായി. പ്രമുഖ ഹോട്ടൽ ശൃംഖലയായ മാരിയറ്റിന്റെ ബുക്കിങ്, ചെക്ക് ഇൻ സംവിധാനങ്ങളെയും പ്രശ്നങ്ങൾ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

 

ഈ സംഭവങ്ങളിലെല്ലാം സൈബർ ആക്രമണമാണോ കാരണമെന്ന സംശയം ഉയർന്നെങ്കിലും അത്തരമൊരു ആക്രമണത്തിന് തെളിവുകളില്ലെന്നാണ് അമേരിക്കൻ അധികൃതർ വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിശദീകരണമനുസരിച്ച് സോഫ്റ്റ്‌വെയറിലെ പഴയൊരു പിഴവും സെർവറുകളിലെ പ്രശ്നങ്ങളുമാണ് സേവനങ്ങൾ തടസ്സപ്പെടുത്തിയത്. ആപ്പിളിന്റെ കാര്യത്തിൽ ആഭ്യന്തര സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലെ പിഴവാണ് തിരിച്ചടിയായത്. പതിവ് അറ്റകുറ്റപ്പണികൾക്കിടെയാണ് എൻഎസ്എയുടെ നെറ്റ്‌വർക്കിൽ തകരാർ സംഭവിച്ചതെന്നും ഏജൻസി അറിയിച്ചു. അതേസമയം നിർണായകമായ സുരക്ഷാ പ്രവർത്തനങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് എൻഎസ്എയുടെ വിശദീകരണം.

 

സംഭവങ്ങളിൽ വിദേശരാജ്യങ്ങളുടെ ഇടപെടലോ സംഘടിത സൈബർ ആക്രമണമോ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്. ഓരോ സംഭവത്തിനും പ്രത്യേകം കാരണങ്ങളുണ്ടെന്നും അവ തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ചില ആശങ്കകളും ഇതിനിടെ ഉയരുന്നുണ്ട്. എഐ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും അതിവേഗത്തിൽ നടക്കുമ്പോൾ, നിലവിലുള്ള പഴയ സാങ്കേതിക സംവിധാനങ്ങൾക്ക് അതിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരുന്നതാണോ പ്രശ്നമെന്ന ചോദ്യവും ഉയരുന്നു.

 

ഒരു സ്ഥാപനത്തിലെ ചെറിയ സാങ്കേതിക പിഴവ് പോലും മറ്റ് നിരവധി സേവനങ്ങളെ ബാധിക്കുന്ന തരത്തിലാണ് ഇന്നത്തെ ഡിജിറ്റൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തകരാറുകൾ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാനാകില്ലെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികൾക്കും അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങൾക്കും വരെ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് ഡിജിറ്റൽ സുരക്ഷയുടെ കാര്യത്തിൽ പുതിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.