Loading time...
Global

ഇറാനെതിരെ വീണ്ടും ട്രംപിന്റെ ആക്രമണ ഭീഷണി; ക്രൂഡോയിൽ വില കുതിച്ചുയർന്നു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Nov 2026, 5:51 am
Updated on: 13 Nov 2026, 5:52 am
Share:
Follow Us: YouTube
Feature Image

ഇറാനുമായി സമാധാന കരാറിന്റെ ആവശ്യമില്ലെന്നും വീണ്ടും സൈനിക നടപടി സ്വീകരിക്കുന്നതിൽ മടിയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് എണ്ണവിലയിൽ വർധനയുണ്ടായത്. കഴിഞ്ഞ ദിവസം ബാരലിന് 90 ഡോളറിൽ താഴെയെത്തിയ ബ്രെന്റ് ക്രൂഡിന്റെ വില 3.21 ശതമാനം ഉയർന്ന് 95.74 ഡോളറിലെത്തി. അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡിന് 2.55 ശതമാനം വർധനയോടെ 88.74 ഡോളറാണ് രേഖപ്പെടുത്തിയത്.

 

ഇറാനെതിരായ ആക്രമണം തൽക്കാലം തുടരില്ലെന്ന ട്രംപിന്റെ മുൻ പ്രഖ്യാപനത്തെ തുടർന്ന് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. ഇതോടെ ക്രൂഡോയിൽ വില താഴുകയും ചെയ്തു. എന്നാൽ ഇറാനുമായി കരാറിലെത്തേണ്ട സാഹചര്യം അവസാനിച്ചെന്നും അമേരിക്കയുടെ താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീങ്ങിയില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയതോടെ വിപണിയുടെ പ്രതീക്ഷകൾ മാറി.

 

ഇറാന്റെ സാമ്പത്തിക ഇടപാടുകളിലും ഹോർമുസ് കടലിടുക്കിലും അമേരിക്കയ്ക്ക് നിയന്ത്രണമുണ്ടെന്ന ട്രംപിന്റെ പരാമർശവും ആശങ്ക വർധിപ്പിച്ചു. ഇറാനുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ആണവ പദ്ധതികൾക്കായി സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഒരു ഭാഗം പോലും ഇറാനിൽനിന്ന് മാറ്റില്ലെന്ന് സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സിൻ റെസായിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മേഖലയിൽ വീണ്ടും സൈനിക സംഘർഷമുണ്ടാകാനുള്ള സാധ്യത ശക്തമായി.

 

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടയിലും എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും വർധനയുണ്ടാകുന്നത് വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. സൗദി അറേബ്യയുടെ എണ്ണ ഉൽപാദനം ഒക്ടോബറിൽ 26 ശതമാനം ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇറാഖും ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതിയടക്കം ഉയരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .