Loading time...
Global

2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണ കേസ് ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ വിചാരണ 2028 ജൂൺ 5ന്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 Aug 2026, 12:31 pm
Updated on: 27 Aug 2026, 12:31 pm
Share:
Follow Us: YouTube
Feature Image

2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റ് മൂന്ന് പ്രതികളും വിചാരണ 2028 ജൂണ്‍ 5 ന് നടക്കുമെന്ന് യു.എസ് മിലിട്ടറി കോടതി അറിയിച്ചു . പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ട 2027 ജനുവരി എന്ന തീയതി തള്ളിക്കൊണ്ടാണ് എയര്‍ഫോഴ്‌സ് ലെഫ്റ്റനന്റ് കേണല്‍ മൈക്കിള്‍ ഷ്രാമ ഈ ഉത്തരവിട്ടത്.

 

 

മൂന്ന് പതിറ്റാണ്ടോളമായി ഗ്വാണ്ടനാമോ ബേയിലെ യു.എസ് മിലിട്ടറി തടവറയില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെയുള്ള വിചാരണയ്ക്ക് മുന്‍പുള്ള തെളിവുകളും നിയമ തടസ്സങ്ങളും പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് വിലയിരുത്തിയാണ് വിചാരണ തീയതി 18 മാസം കൂടി നീട്ടിയത്. പ്രതികള്‍ക്ക് വധശിക്ഷ ഒഴിവാക്കി നല്‍കുന്ന തരത്തില്‍ മുന്‍പ് തയ്യാറാക്കിയിരുന്ന കുറ്റസമ്മത കരാര്‍ കഴിഞ്ഞ വര്‍ഷം അപ്പീല്‍ കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കേസ് നേരിട്ടുള്ള വിചാരണയിലേക്ക് നീങ്ങിയത്. ഖാലിദ് ഷെയ്ഖ് മുഹമ്മദിനൊപ്പം വലീദ് ബിന്‍ അത്താഷ്, അലി അബ്ദുല്‍ അസീസ് അലി, മുസ്തഫ അല്‍ ഹവ്‌സാവി എന്നിവരാണ് സൈനിക ട്രൈബ്യൂണലിന് മുന്‍പാകെ ഹാജരാകുന്നത്.

 

 

2003-ല്‍ പാകിസ്ഥാനില്‍ നിന്ന് അറസ്റ്റിലായ ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും വിമാനങ്ങള്‍ ഇടിച്ചുകയറ്റിയ ആക്രമണത്തിന്റെ പ്രധാന പ്ലാന്‍ തയ്യാറാക്കിയതെന്ന് അമേരിക്കന്‍ അധികൃതര്‍ ആരോപിക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ദുരന്തത്തില്‍ ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷവും അന്തിമ വിധി ഉണ്ടാകാത്തതില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് വലിയ പ്രതിഷേധമുണ്ട്. നിരന്തരമായ നിയമ തടസ്സങ്ങളും തെളിവ് ശേഖരണത്തിലെ തര്‍ക്കങ്ങളും കാരണം ജൂണ്‍ 2028-ലെ തീയതിയും വീണ്ടും വൈകാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.