കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കെപിസിസി അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ തർക്കം മുറുകുന്ന സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.
കർണ്ണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി കെ. ശിവകുമാറും, തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷ സ്ഥാനങ്ങൾ ഒരുമിച്ച് വഹിച്ച മുൻ മാതൃകകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡ് ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. അതിനാൽ, സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം.
എന്നാൽ, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനവും രാഹുൽ ഗാന്ധിയുടെ യാത്രയും കാരണം ദേശീയ നേതൃത്വം തിരക്കിലായതിനാൽ കേരളത്തിലെ അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത. സംയുക്തമായി എല്ലാവർക്കും സ്വീകാര്യമായ ഒരു പേരിലേക്ക് എത്താതെ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് പാർട്ടിയിൽ പുതിയ വിഭാഗീയതയ്ക്ക് വഴിവെക്കുമെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .