2001-ൽ ബ്രിട്ടനിലെ Who Wants to Be a Millionaire എന്ന ലോകപ്രശസ്ത ക്വിസ് ഷോയിലാണ് ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്ന് അരങ്ങേറിയത്. മത്സരാർത്ഥിയായി എത്തിയത് മുൻ ബ്രിട്ടീഷ് ആർമി മേജർ ചാൾസ് ഇൻഗ്രാം.രണ്ട് ദിവസങ്ങളിലായാണ് ഷോ നടന്നത്. ആദ്യ ദിവസം ചോദ്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. എന്നിട്ടും ചാൾസ് പതറി. വളരെ എളുപ്പമുള്ള ചോദ്യങ്ങൾക്ക് പോലും ലൈഫ് ലൈൻ എടുക്കേണ്ടി വന്നു. ആദ്യത്തെ കുറച്ച് ചോദ്യങ്ങൾക്കുള്ളിൽ തന്നെ രണ്ട് ലൈഫ് ലൈനുകൾ തീർന്നു.
പിന്നീടാണ് ഇയാളുടെ ട്രിക്ക് പുറത്തെടുത്തത്. ഓരോ ചോദ്യത്തിന്റെയും ഓപ്ഷനുകൾ A, B, C, D എന്നിങ്ങനെ ഓരോന്നായി ഉറക്കെ വായിക്കും. ശരിയായ ഉത്തരം വായിക്കുമ്പോൾ, പ്രേക്ഷകരുടെ ഇടയിൽ ഇരിക്കുന്ന ഭാര്യ ഡയാനയും സുഹൃത്ത് ടെക്വെൻ വിറ്റോക്കും ഉറക്കെ ചുമച്ച് സിഗ്നൽ നൽകും. ആ ചുമ കേട്ടാണ് ചാൾസ് ഒരു കോടി രൂപയുടെ സമ്മാനം സ്വന്തമാക്കിയത്.
പക്ഷെ കള്ളം അധികനാൾ നിന്നില്ല. ശരിയായ ഉത്തരം വരുമ്പോൾ മാത്രം കേൾക്കുന്ന സ്ഥിരമായ ചുമ ശ്രദ്ധയിൽപ്പെട്ട മറ്റൊരു മത്സരാർത്ഥി വിവരം പ്രൊഡക്ഷൻ ടീമിനെ അറിയിച്ചു. ഫുട്ടേജുകൾ പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായി. സമ്മാനത്തുക റദ്ദാക്കി. മൂവർക്കുമെതിരെ കേസെടുത്തു. കോടതിയിൽ ഇവർ പറഞ്ഞ ന്യായമാണ് തട്ടിപ്പിനേക്കാൾ രസകരമായി തോന്നിയത്. പൊടിയോട് അലർജി ഉള്ളതുകൊണ്ടായിരുന്നു ചുമച്ചത് എന്നായിരുന്നു ന്യായം. പക്ഷെ കോടതി വിശ്വസിച്ചില്ല. 2003 ഏപ്രിൽ 7-ന് മൂവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി.
അങ്ങനെ അറിവ് കൊണ്ട് പണം നേടേണ്ട ഷോയിൽ, വളഞ്ഞ വഴിയിലൂടെ കയറിയ ചാൾസ് ഇൻഗ്രാമിന് കിട്ടിയ പണവും പോയി, മാനവും പോയി. അതോടെ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ക്വിസ് ഷോ വിവാദങ്ങളിൽ ഒന്നായി ഈ സംഭവം മാറി.