Loading time...
Local

കളമശേരി സ്പാ പീഡനം: മാനസികാഘാതത്തിൽനിന്ന് മുക്തയാകാതെ അതിജീവിത; വാടകവീടുപോലും ലഭിക്കുന്നില്ല.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Nov 2026, 6:54 am
Updated on: 11 Nov 2026, 6:54 am
Share:
Follow Us: YouTube
Feature Image

കളമശേരി സ്പാ കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയ്ക്ക് ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തിൽനിന്ന് മുക്തയാകാനായിട്ടില്ല. പുറത്തിറങ്ങാനും തനിച്ചിരിക്കാനും ഭയമാണെന്നും സംഭവത്തിനുശേഷം സമൂഹത്തിൽനിന്നുള്ള അകറ്റിനിർത്തൽ കൂടി നേരിടേണ്ടിവരുന്നുണ്ടെന്നും യുവതി പറയുന്നു. ആലുവയിലെ വാടകവീട്ടിൽനിന്ന് ഒഴിയേണ്ടിവന്നതോടെ ഭർത്താവിനൊപ്പം ബന്ധുവീട്ടിലാണ് ഇപ്പോൾ താമസം. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പുതിയൊരു വീട് കണ്ടെത്താനായിട്ടില്ല.

 

അധ്യാപകജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്പാ മാനേജർ ഒഴിവിലേക്ക് അപേക്ഷിച്ച യുവതിയെ ഒക്ടോബർ രണ്ടിന് ഇന്റർവ്യൂവിന് വിളിച്ചുവരുത്തുകയായിരുന്നു. ജോലി ലഭിച്ചതായി അറിയിച്ചശേഷം സ്റ്റാഫുകളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മർദിക്കുകയും ലഹരിവസ്തു കലർത്തിയ വെള്ളം നൽകുകയും ചെയ്തശേഷം ശ്രീരാജ്, ശരണ്യ, സഞ്ജു, ജിത്തു എന്നിവർ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഒരാൾ പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പറയുന്നു.

 

ഒക്ടോബർ മൂന്നിന് അവിടെനിന്ന് രക്ഷപ്പെട്ട യുവതി ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയ യുവതി 13 ദിവസം ഐസിയുവിൽ കഴിഞ്ഞു. സംഭവത്തിനുശേഷം വാടകവീടൊഴിയേണ്ടിവന്നതായും പല സ്ഥലങ്ങളിൽ അഡ്വാൻസ് നൽകിയിട്ടും പുതിയ വീട് ലഭിക്കുന്നില്ലെന്നും യുവതി പറഞ്ഞു. ഭർത്താവിന്റെയും ബന്ധുക്കളുടെയും പിന്തുണയോടെ കേസുമായി മുന്നോട്ടുപോകുമെന്നും വീണ്ടും സ്കൂളിൽ ജോലിക്ക് പ്രവേശിക്കണമെന്നാണ് ആഗ്രഹമെന്നും അതിജീവിത വ്യക്തമാക്കി.

 

അതിനിടെ, കേസിൽ സംഭവസമയത്ത് ലോഡ്ജിലെത്തിയ രണ്ടുപേരെക്കൂടി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അതിജീവിതയും പങ്കാളിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേസിൽ ഇതുവരെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി ശ്രീരാജിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .