Loading time...
Local

50 കോടി തികഞ്ഞെന്ന വ്യാജ പ്രചാരണം; എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് ഇനിയും 33 കോടി വേണം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 8 Nov 2026, 7:47 am
Updated on: 8 Nov 2026, 7:47 am
Share:
Follow Us: YouTube
Feature Image

കോഴിക്കോട് ഓമശേരി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നടത്തുന്ന ധനസമാഹരണത്തിന് തിരിച്ചടിയായി വ്യാജ പ്രചാരണം. ആവശ്യമായ 50 കോടി രൂപ സമാഹരിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നുമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിലെ അവകാശവാദം. എന്നാൽ ചികിത്സാ സഹായത്തിനായി ഇനിയും 33 കോടി രൂപ സമാഹരിക്കാനുണ്ടെന്ന് വ്യക്തമാക്കി സഹായ സമിതി രംഗത്തെത്തി. വ്യാജ പ്രചാരണത്തിനെതിരെ പൊലീസിൽ പരാതി നൽകാനും സമിതി തീരുമാനിച്ചിട്ടുണ്ട്.

 

അടുത്ത 28 ദിവസത്തിനുള്ളിൽ 33 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണ് സഹായ സമിതിയുടെ അറിയിപ്പ്. 50 കോടി രൂപ ലക്ഷ്യമിട്ടുള്ള പ്രത്യേക അക്കൗണ്ടാണ് ധനസമാഹരണത്തിനായി തുറന്നിരിക്കുന്നത്. അക്കൗണ്ടിലെ വരവ് സംബന്ധിച്ച കണക്കുകൾ ദിവസേന പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. നേരത്തെ പ്രതിദിനം ഒരു കോടി രൂപയോളം സംഭാവന ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് 31 ലക്ഷം രൂപ മാത്രമാണ്. വ്യാജ സന്ദേശം പ്രചരിച്ചതോടെ ധനസമാഹരണത്തെ ബാധിച്ചിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

 

മുക്കത്തിനടുത്ത കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നരവയസ്സുള്ള ട്രിപ്പ്ലറ്റ് കുഞ്ഞുങ്ങളായ ഡേവിഡ് മാഗ്‌നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരുടെ ജീൻ തെറാപ്പിക്കും തുടർചികിത്സയ്ക്കുമായി 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. കുട്ടികളുടെ ചികിത്സയ്ക്കായി ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ജനകീയ സഹായ സമിതിക്ക് രൂപം നൽകിയിരുന്നു. ധനസമാഹരണം പുരോഗമിക്കുന്നതിനിടെയാണ് ലക്ഷ്യത്തുക ലഭിച്ചെന്ന വ്യാജ സന്ദേശം പ്രചരിച്ചത്. തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിച്ച് സഹായം നിർത്തരുതെന്നും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി എല്ലാവരും തുടർന്നും കൈകോർക്കണമെന്നും സഹായ സമിതി അഭ്യർഥിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .