Loading time...
Global

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ, ഡ്രോൺ ആക്രമണം. പ്രതിരോധിച്ച് സഖ്യസേന

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 Oct 2026, 5:33 am
Updated on: 27 Oct 2026, 7:25 am
Share:
Follow Us: YouTube
Feature Image

സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി ഭീകരർ  നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധിച്ചതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ചൊവ്വാഴ്ചയാണ് സൗദിയുടെ കിഴക്കൻ, തെക്കൻ മേഖലകളിലേക്ക് എത്തിയ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞത്. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിലേക്ക് നീങ്ങിയ നാല് ഡ്രോണുകളും തകർത്തതായി സഖ്യസേന വ്യക്തമാക്കി. 

 

ആക്രമണ ഭീഷണിയെത്തുടർന്ന് സൗദി സിവിൽ ഡിഫൻസ് കിഴക്കൻ പ്രവിശ്യയിലും അൽ ഖർജ് ഗവർണറേറ്റിലും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഇരു മേഖലകളിലെയും ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നില്ല.

 

ഇതോടെ സംഘർഷം വീണ്ടും ശക്തമാകുന്നുവെന്ന ആശങ്കയും ഉയരുകയാണ്. കഴിഞ്ഞ മാസം യെമന്റെ ചെങ്കടൽ തീരത്തെ തന്ത്രപ്രധാന പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനു പിന്നാലെ സൗദി ആക്രമണം ശക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ എണ്ണക്കയറ്റുമതിക്ക് നിർണായകമായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപത്തേക്കാണ് ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലൂടെയുള്ള ആഗോള കപ്പൽ ഗതാഗതത്തിന് ഈ മേഖലയുടെ പ്രാധാന്യം ഏറെയാണ്.

 

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്ക്കുമ്പോൾ, തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇരുവിഭാഗങ്ങൾക്കുമിടയിൽ 2022-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പുതിയ പോരാട്ടത്തോടെ തകർന്നിരിക്കുകയാണ്. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഈ സംഘർഷം പശ്ചിമേഷ്യയിലെ മറ്റൊരു മുന്നണിയായി മാറിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.