ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
വിദേശ ഭീകരസംഘടനയിൽ അംഗങ്ങളായതും സുരക്ഷാ ഉദ്യോഗസ്ഥർക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയതുമാണ് പ്രതികൾക്കെതിരായ പ്രധാന കുറ്റങ്ങൾ. ആയുധങ്ങളും വെടിയുണ്ടകളും കൈവശം വച്ചതായും രാജ്യത്തിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
സുരക്ഷാ ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ലക്ഷ്യമിട്ട് തോക്കുകളും ബോംബുകളും ഉപയോഗിച്ച് പലതവണ ആക്രമണം നടത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിരുന്നു. അന്വേഷണത്തിനുശേഷം കേസ് ബന്ധപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് കൈമാറുകയും കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് വധശിക്ഷ വിധിക്കുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
അപ്പീൽ നടപടികൾക്കുശേഷം സുപ്രീംകോടതി വിധി ശരിവച്ചു. തുടർന്ന് രാജകീയ ഉത്തരവ് ലഭിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. കോടതിയുടെ വിവേചനാധികാരപ്രകാരമുള്ള ‘തസീർ’ വിഭാഗത്തിൽപ്പെട്ട വധശിക്ഷയാണ് ഇവർക്കു വിധിച്ചതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കിയ വിവരം മന്ത്രാലയം ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .