യമനിൽ ഹൂതി ഭീകരരും സഖ്യസേനയും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമാകുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു. യെമൻ സേനയിലെ 23 പേർ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൗദിയുടെ പിന്തുണയോടെ നടത്തിയ തിരിച്ചടിയിൽ 40 ഹൂതി ഭീകരരും കൊല്ലപ്പെട്ടു. യെമൻ–സൗദി അതിർത്തിയിൽ ഇന്നലെയും ഏറ്റുമുട്ടൽ തുടർന്നു.
അതിനിടെ ഹോർമൂസ് കടലിടുക്കിൽ ടോഗോ പതാകയുള്ള എണ്ണ ടാങ്കർ ഇറാൻ ആക്രമണം നടത്തി പിടിച്ചെടുത്തു. അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിച്ചതിനാലാണ് നടപടിയെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു. ഒമാനിലെ ഖസബ് തീരത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം.
ഹൂതി ആക്രമണം തുടരുന്നതിനിടെ സൗദിക്ക് 48 എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നീക്കവുമായി അമേരിക്കയും രംഗത്ത്. 2430 കോടി ഡോളറിന്റെ കരാറിൽ വിമാനങ്ങൾക്കൊപ്പം അനുബന്ധ യുദ്ധോപകരണങ്ങളും നൽകും. വിൽപനയ്ക്കുള്ള നിർദേശം യുഎസ് കോൺഗ്രസിന്റെ അനുമതിക്കായി സമർപ്പിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
സൗദിയുടെ സുരക്ഷയ്ക്ക് സൈനികവും നയതന്ത്രപരവുമായ എല്ലാ പിന്തുണയും നൽകുമെന്ന് പാക്കിസ്ഥാനും വ്യക്തമാക്കി. സൈനിക വക്താവ് അഹമ്മദ് ഷരീഫ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പള്ളികളുടെയും സൗദിയുടെയും സുരക്ഷ ഉറപ്പാക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. പാക്കിസ്ഥാൻ, തുർക്കി, സൗദി എന്നിവർ നേരത്തെ സൈനിക സഹകരണ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഹൂതികൾക്കെതിരായ യുദ്ധത്തിൽ പാക്കിസ്ഥാൻ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .