ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വീണ്ടും നീളും. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ഇതുവരെ ചുമതലയേറ്റിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിനുള്ള തുടർനടപടികൾ അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ സ്വീകരിക്കണമെന്നും എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. നിയമനം നടത്തിയിട്ടും അദ്ദേഹം ചുമതലയേറ്റിട്ടില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കി. ഇതോടെ സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി നവംബറിലേക്ക് മാറ്റി.
കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ ഇതുവരെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 292 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തി നേരത്തെ കരട് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ അന്തിമ കുറ്റപത്രം നൽകാൻ ഒരു ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ടെന്നാണ് എസ്ഐടി അറിയിച്ചിരുന്നത്. ഈ ഫലം ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ മുൻ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കൂടുതൽ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
അഴിമതി നിരോധന നിയമം കൂടി ചുമത്തിയിട്ടുള്ളതിനാൽ കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ശബരിമല ദ്വാരപാലക സ്വർണക്കൊള്ള കേസിൽ അടുത്ത മാസം 25-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ സമയപരിധി അംഗീകരിച്ച ഹൈക്കോടതി, നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.