പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ആദ്യ അറസ്‌റ്റ്. മുൻ ഡപ്യൂട്ടി സെക്രട്ടറി സതീഷിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. സതീഷിനെതിരെ പിഎസ്‌സി നേരത്തെ നടപടിയെടുത്തിരുന്നു. സതീഷ് വിരമിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനാണ് പിഎസ്‌സി തീരുമാനം. കേസിലെ മറ്റൊരു പ്രതിയായ പരീക്ഷാ വിഭാഗം അഡിഷനൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ഇന്നലെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. അംഗങ്ങളായ എസ്.ശ്രീകുമാർ, സ്‌റ്റാനി തോമസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്‌തത്. അഭിമുഖം നടത്തുന്ന പാനലുകളിലാണ് തങ്ങളുള്ളതെന്നും പരീക്ഷാമൂല്യനിർണയത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ഇവർ മൊഴി നൽകിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ചെയർമാൻ, സെക്രട്ടറി, പരീക്ഷാ കൺട്രോളർ എന്നിവരാണ് പരീക്ഷകളിൽ നേരിട്ട് ഇടപെടാറുള്ളതെന്നും അംഗങ്ങൾ മൊഴി നൽകി.
അതേസമയം 2 കേസുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ നിയമനങ്ങളിലാണ് എസ്ഐടി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.