അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ചിത്രം ‘പൈർ’ നവംബർ 6ന് ഇന്ത്യൻ തിയേറ്ററുകളിലെത്തും. മലയാളം പതിപ്പും ഇതേ ദിവസം റിലീസ് ചെയ്യും. മികച്ച ചിത്രത്തിനുള്ള 15 പുരസ്കാരങ്ങളടക്കം 18 അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനോദ് കാപ്രിയാണ്.
ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിലുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ജനവാസം കുറഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമത്തിൽ ജീവിക്കുന്ന വയോധികരായ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. വാർധക്യവും ഏകാന്തതയും വേർപിരിയലിന്റെ ആശങ്കകളും നേരിടുമ്പോഴും പരസ്പരം താങ്ങായി കഴിയുന്ന അവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. കാലം കടന്നുപോകുമ്പോഴും മായാതെ നിൽക്കുന്ന പ്രണയത്തിന്റെയും പങ്കുവെച്ച ജീവിതത്തിന്റെയും ആഴം ചിത്രം വൈകാരികമായി അവതരിപ്പിക്കുന്നു.
80 വയസ്സുകാരനായ പദം സിങ്ങും 70 വയസ്സുകാരിയായ ഹീരാ ദേവിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഫഷണൽ അഭിനയപരിചയമില്ലാത്ത ഇരുവരുടെയും സ്വാഭാവിക പ്രകടനങ്ങൾ സിനിമയ്ക്ക് ജീവിതത്തോട് ചേർന്നുനിൽക്കുന്ന അനുഭവം നൽകുന്നു.
എസ്റ്റോണിയയിലെ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ലോകപ്രദർശനം. ഇവിടെ പ്രേക്ഷകപ്രീതിയും ഓഡിയൻസ് അവാർഡും നേടിയ ചിത്രം പിന്നീട് വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലും പുരസ്കാരങ്ങൾ സ്വന്തമാക്കി. ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബർമിങ്ഹാം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെ ഓഡിയൻസ് അവാർഡുകളും ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ലഭിച്ച ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ പുരസ്കാരവും അമേരിക്കയിലെ ഡി.സി. സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരവും ഇതിൽ ഉൾപ്പെടുന്നു.
ചലച്ചിത്രകാരി ദീപ മേത്തയും പ്രശസ്ത ഗാനരചയിതാവ് ഗുൽസാറും ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്. അക്കാദമി അവാർഡ് ജേതാവായ മൈക്കൽ ഡന്നയും സാർ സിംഗാളും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളുടെ വരികൾ ഗുൽസാറിന്റേതാണ്. ശാസ്ത്രീയ സംഗീതജ്ഞ ശ്രുതി സദോലിക്കറാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
കേരളത്തിന് പുറമേ ബെംഗളൂരുവിലും നവംബർ ആറിന് ചിത്രം പ്രദർശനത്തിനെത്തും. ഹൈദരാബാദിൽ സിനിപോളിസ് ടി.എൻ.ആർ, ഐനോക്സ് പ്രിസം ഗച്ചിബൗളി, പി.വി.ആർ. ആട്രിയം ഗച്ചിബൗളി, എ.എം.ബി. സിനിമാസ് ഗച്ചിബൗളി എന്നിവിടങ്ങളിലും പ്രദർശനം ക്രമീകരിച്ചിട്ടുണ്ട്.
വാർധക്യത്തിന്റെയും ഏകാന്തതയുടെയും പശ്ചാത്തലത്തിൽ, ജീവിതത്തിന്റെ അവസാന ഘട്ടത്തിലും പ്രണയത്തിന് എത്രത്തോളം ആഴത്തിൽ നിലനിൽക്കാനാകുമെന്ന് പറയുന്ന ‘പൈർ’ മലയാളി പ്രേക്ഷകർക്കും പുതിയൊരു സിനിമാനുഭവമാകും.