പാകിസ്ഥാനിലെ പെഷവാർ നഗരത്തിൽ സ്വകാര്യ സ്കൂളിന്റെ മേൽക്കൂര തകർന്ന് അപകടം. അപകടത്തിൽ 30 പേർക്ക് ദാരുണാന്ത്യം. മരിച്ചത് 13 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളും ഒരു അധ്യാപകനും. 40-ലധികം പേർക്ക് പരിക്കേറ്റു. കെട്ടിടം തകരാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലെ നഗരമധ്യത്തിലുള്ള ദിർ കോളനിയിലാണ് സംഭവം നടന്നതെന്ന് ക്യാപിറ്റൽ സിറ്റി പോലീസ് മേധാവി മിയാൻ സയീദ് പറഞ്ഞു. വിദ്യാർത്ഥികളെയും അധ്യാപകനെയും മരിച്ച നിലയിലാണ് ലേഡി റീഡിംഗ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി വക്താവ് മുഹമ്മദ് ആസിം അറിയിച്ചു.
പരിക്കേറ്റ 25 കുട്ടികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം, അതിനടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ള വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കുമായി രക്ഷാപ്രവർത്തക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ചികിത്സ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ശ്രദ്ധിക്കണമെന്നും പാക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .