Loading time...
Local

'ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം, തിരുത്തുന്നു'; രണ്ടര വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് പത്മജ, കോൺഗ്രസിലേക്കുള്ള മടക്കത്തിന് സൂചന.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Nov 2026, 9:08 am
Updated on: 19 Nov 2026, 9:08 am
Share:
Follow Us: YouTube
Feature Image

കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ബിജെപിയിൽനിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇപ്പോൾ ആ തെറ്റ് തിരുത്തുകയാണെന്നും പത്മജ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പാർട്ടി വിട്ട കാര്യം അവർ വെളിപ്പെടുത്തിയത്. രാജി തീരുമാനം ആദ്യം അറിയിച്ചത് സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരനെയാണെന്നും അവർ വ്യക്തമാക്കി.

 

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും പാർട്ടിയുടെ ദേശീയ അധ്യക്ഷനും രാജിക്കത്ത് നൽകിയതായി പത്മജ അറിയിച്ചു. പാർട്ടിയിൽനിന്ന് പദവികളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തതല്ല രാജിക്ക് കാരണമെന്നും അവർ വ്യക്തമാക്കി. ആരോടും വ്യക്തിപരമായ പരാതികളില്ലെന്നും ബിജെപിയിൽ ചേരാനുള്ള തീരുമാനം വേണ്ടത്ര ആലോചിക്കാതെ എടുത്തതായിരുന്നുവെന്നും പത്മജ പറഞ്ഞു.

 

ബിജെപിയുടെ ആശയങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് പാർട്ടിയിൽ ചേർന്നതെന്നും പൊതുപ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് വലിയ താൽപര്യമില്ലെന്നും പത്മജ പ്രതികരിച്ചു. കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും യുഡിഎഫ് സർക്കാരിനോടും നേതൃത്വത്തോടും അനുകൂല നിലപാടാണ് തനിക്കുള്ളതെന്നും അവർ പറഞ്ഞു. വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാകുമെന്നും പത്മജ അഭിപ്രായപ്പെട്ടു.

 

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മകളാണ് പത്മജ വേണുഗോപാൽ. ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ച അവർ 2024 മാർച്ച് ഏഴിനാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ നേരിട്ട അവഗണനയും നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമായിരുന്നു അന്നത്തെ പാർട്ടിമാറ്റത്തിന് പിന്നിൽ. ബിജെപിയിൽ ചേർന്നതിനു പിന്നാലെ 2025 മാർച്ചിൽ ദേശീയ കൗൺസിൽ അംഗമായും നിയമിക്കപ്പെട്ടു.

 

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഇപ്പോൾ പാർട്ടി വിട്ടതോടെ പത്മജയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ. കോൺഗ്രസിലേക്കുള്ള മടക്കസാധ്യതയെക്കുറിച്ചുള്ള ചർച്ചകളും ഇതിനകം സജീവമായിട്ടുണ്ട്. എന്നാൽ തിരിച്ചുവരവ് സംബന്ധിച്ച് പത്മജ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .