Loading time...
Global

നേപ്പാളിലെ പ്രളയദുരന്തം: മരണസംഖ്യ 903 ആയി; 4,247 പേരെ കാണാതായി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 31 Aug 2026, 11:07 am
Updated on: 31 Aug 2026, 11:07 am
Share:
Follow Us: YouTube
Feature Image

നേപ്പാളിൽ കഴിഞ്ഞ ആഴ്ചയുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 903 ആയി ഉയർന്നു. മൃതദേഹങ്ങൾ കണ്ടെത്തുന്നത് ഇപ്പോഴും തുടരുകയാണ്. അതേസമയം, ദുരന്തത്തെ തുടർന്ന് 4,247 പേരെ കാണാതായതായി നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ, മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

 

ചിത്വാൻ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്ന് 272 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നവാൽപരസി കിഴക്കൻ ജില്ലയിൽ നിന്ന് 207 മൃതദേഹങ്ങളും, നവാൽപരസി പടിഞ്ഞാറൻ ജില്ലയിൽ നിന്ന് 151 മൃതദേഹങ്ങളും കണ്ടെത്തി. ഗൂർഖ ജില്ലകളിൽ നിന്ന് 62 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. നുവാക്കോട്ടിൽ നിന്ന് 95 മൃതദേഹങ്ങളും, ധാഡിംഗിൽ നിന്ന് 55 ഉം, തനാഹുവിൽ നിന്ന് 37 ഉം, റസുവയിൽ നിന്ന് 24 ഉം മൃതദേഹങ്ങൾ കണ്ടെത്തിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

കാണാതായവരുടെ എണ്ണവും ഉയർന്നതാണ്. 99 സുരക്ഷാ ഉദ്യോഗസ്ഥരും 591 വിദേശികളും ഉൾപ്പെടെ ആകെ 4,247 പേരെയാണ് ഇപ്പോഴും കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് നേപ്പാളിലെ അര ഡസനോളം ജലവൈദ്യുത പദ്ധതികളിലായി കുറഞ്ഞത് 933 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ഇക്കാര്യം രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു.

 

നേപ്പാൾ സങ്കൽപ്പിക്കാനാവാത്തതും ഹൃദയഭേദകവുമായ ദുരന്തമാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ പൂർണ്ണ വ്യാപ്തി വിലയിരുത്താൻ അധികൃതർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും ആഞ്ഞടിച്ച വലിയ ഐസ്, പാറകൾ, അവശിഷ്ടങ്ങൾ എന്നിവ നേപ്പാളിലും ടിബറ്റിലും ചൈനയുടെ അതിർത്തിക്കപ്പുറത്തുമായി കുറഞ്ഞത് 797 പേരുടെ ജീവൻ അപഹരിച്ചതായും റിപ്പോർട്ടുണ്ട്.

 

അതിനിടെ, വെള്ളപ്പൊക്കത്തിൽ ഗുരുതരമായി ബാധിച്ച റസുവ ജില്ലയിലെ ചിലിമെ ഗ്രാമത്തിൽ നിന്ന് നേപ്പാളി സൈന്യം രക്ഷപ്പെടുത്തിയ നാല് പേരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെട്ടതായി നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. ഓഗസ്റ്റ് 26ന് നേപ്പാളിന്റെ വടക്കൻ, മധ്യ മേഖലകളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഇന്ത്യ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നേപ്പാളിനെ സഹായിച്ചുകൊണ്ടിരിക്കെയാണ് ഈ രക്ഷാപ്രവർത്തനം നടന്നത്.

 

റസുവയിലെ ചിലിമെ ഗ്രാമത്തിൽ നിന്ന് നേപ്പാളി സൈന്യം രക്ഷപ്പെടുത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെയും അവരുടെ നേപ്പാളി സഹപ്രവർത്തകനെയും കണ്ടതായി നവീൻ ശ്രീവാസ്തവ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. സഹായത്തിന് നേപ്പാളി സൈന്യത്തിന് നന്ദി അറിയിക്കുകയും ചെയ്തു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.