Loading time...
Local

ക്യാമറകൾക്ക് മുന്നിൽ മുഖം മറച്ചു, ബന്ധുക്കളുടെ സുരക്ഷാവലയം; മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ പുറത്തിറങ്ങി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 17 Nov 2026, 6:25 am
Updated on: 17 Nov 2026, 6:25 am
Share:
Follow Us: YouTube
Feature Image

നെടുമ്പാശേരിയിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ജയിൽമോചിതനായി. ഹൈക്കോടതി അനുവദിച്ച ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയാണ് കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽനിന്ന് സുഹൈൽ പുറത്തിറങ്ങിയത്. മോചനത്തിനായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതോടെ മാധ്യമപ്രവർത്തകരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.

 

സുഹൈലിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ ബന്ധുക്കൾ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ബോസ്റ്റൽ സ്കൂൾ കവാടം നിരോധിത മേഖലയാണെന്നും ഇവിടെനിന്ന് ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കില്ലെന്നും ബന്ധുക്കൾ വാദിച്ചു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ ക്യാമറകൾക്കും കേടുപാടുകൾ സംഭവിച്ചു.

 

സുഹൈൽ അരമണിക്കൂറിനുള്ളിൽ പുറത്തിറങ്ങുമെന്ന് നേരത്തെ എത്തിയ ബോസ്റ്റൽ സ്കൂൾ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും രണ്ട് ഭാഗങ്ങളിലായി മാറ്റിനിർത്തി. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ സുഹൈൽ പുറത്തിറങ്ങി. ഒരു കൈകൊണ്ട് മുഖം മറച്ചാണ് ഇയാൾ ഗേറ്റ് കടന്നെത്തിയത്. ക്യാമറകൾ പ്രവർത്തിപ്പിക്കാൻ മാധ്യമപ്രവർത്തകർ എത്തിയപ്പോഴേക്കും ബന്ധുക്കൾ സുഹൈലിന് ചുറ്റും സുരക്ഷാവലയം തീർത്തിരുന്നു. തുടർന്ന് ഇയാളെ കാറിനുള്ളിലേക്ക് കയറ്റി സംഘം വേഗത്തിൽ സ്ഥലത്തുനിന്ന് മടങ്ങി.

 

കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിന്റെ മോചനം 10 ദിവസം വൈകണമെന്ന വ്യവസ്ഥയോടെയാണ് ഈ മാസം ആറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മോചനം സാധ്യമായത്.

കഴിഞ്ഞ ഒക്ടോബർ 11ന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം. മൂന്ന് ബാറുകളിൽ കയറി അമിതമായി മദ്യപിച്ചശേഷം സുഹൈൽ ഓടിച്ച കാർ നെടുമ്പാശേരി എയർപോർട്ട് റോഡിൽ സ്കൂട്ടറിലിടിക്കുകയായിരുന്നു. കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 

സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നും അപകടത്തിന് തൊട്ടുമുൻപ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .