തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ ചെമ്പകരാമൻപുതൂർ സ്വദേശി അയ്യപ്പൻ (31) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഏകദേശം 50 വയസ്സ് പ്രായമുള്ള കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
നവംബർ 18നാണ് നാഗർകോവിൽ ജങ്ഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽ സീറ്റിനടിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്തുനിന്ന് നവംബർ 11ന് എത്തിയ ട്രെയിൻ അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ത്രീ ക്രൂരമായ മർദനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായതായി വ്യക്തമായി. ഇതോടെ അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് കൊലപാതകക്കേസാക്കി മാറ്റി.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. നവംബർ 14ന് പുലർച്ചെ 12.30ഓടെ അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപം നടന്നുപോവുകയായിരുന്ന സ്ത്രീയെ പ്രതി ബലമായി ആളൊഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതോടെ സ്ത്രീ മരിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം രാവിലെ എട്ടുമണിയോടെ പ്രതി ട്രെയിൻ കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പനെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
കഴിഞ്ഞ മൂന്ന്–നാല് മാസമായി പ്രതി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, കൊല്ലപ്പെട്ട സ്ത്രീ ആരാണെന്നും ബന്ധുക്കളെ കണ്ടെത്താനാകുമോയെന്നും അന്വേഷിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ നടന്ന ക്രൂരകൃത്യം നാല് ദിവസത്തോളം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .