ഉത്തർ പ്രദേശിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ സിമന്റ് ഇട്ട് മൂടിയ കേസിൽ വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് ഭാര്യ മുസ്‌കാൻ രസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയും. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി മുറിയിലും ജയിലിലും ഇരുപ്രതികളും നിയന്ത്രിക്കാൻ കഴിയാത്തവിധത്തിൽ കരയുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി ജയിൽ അധികൃതർ വ്യക്തമാക്കി.
വധശിക്ഷ വിധിച്ചതോടെ ജയിൽ ഭരണകൂടം ഇരുവരുടെയും സുരക്ഷയും നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേക സെല്ലുകളിലായാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് കേസിൽ ശിക്ഷ വിധിച്ചത്. 126 വിചാരണകൾ പൂർത്തിയാക്കി 22 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്. സൗരഭ് വളരെ നല്ലൊരു വ്യക്തിയായിരുന്നുവെന്നും മകൾക്ക് വധശിക്ഷ നൽകിയാൽ ഞങ്ങൾ എതിർക്കില്ലെന്നും മുസ്‌കാന്റെ മാതാപിതാക്കളും മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
2025 മാർച്ച് 3നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്ദ്രനഗറിലെ വീട്ടിൽ വച്ച് മുസ്‌കാൻ ഭർത്താവ് സൗരഭ് രാജ്പുതിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. സ്ഥലത്തെത്തിയ കാമുകൻ സാഹിൽ ശുക്ലയുമായി ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി വലിയ പ്ലാസ്റ്റിക് ഡ്രമ്മിൽ മണലും വെള്ളവും സിമന്റും ഒഴിച്ച് സീൽ ചെയ്യുകയുമായിരുന്നു. തുടർന്ന് ഇരുവരും ഹിമാചൽ പ്രദേശിലേക്ക് കടന്നു. സൗരഭ് ജീവിച്ചിരിപ്പുണ്ടെന്നും യാത്രയിലാണെന്നും വരുത്തിതീർക്കാൻ മുസ്‌കാൻ ഭർത്താവിന്റെ ഫോൺ ഉപയോഗിച്ച് ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നു.
ദിവസങ്ങൾക്കുശേഷം മുസ്‌കാന്റെ ആറുവയസ്സുകാരിയായ മകൾ തന്റെ പിതാവ് ഡ്രമ്മിലുണ്ട് എന്ന് അയൽക്കാരോട് പറഞ്ഞതിനെത്തുടർന്ന് ബന്ധുക്കളും പൊലീസും വീട് പരിശോധിക്കുകയും പ്രതികൾ അറസ്റ്റിലാവുകയുമായിരുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .