Loading time...
Global

ജൊഹാനസ്ബർഗിൽ ‘സീരിയൽ കില്ലർ’ ഭീതി; രണ്ട് മാസത്തിനിടെ 9 സ്ത്രീകൾ കൊല്ലപ്പെട്ടു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Sep 2026, 4:26 am
Updated on: 18 Sep 2026, 4:26 am
Share:
Follow Us: YouTube
Feature Image

ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നഗരമായ ജൊഹാനസ്ബർഗിൽ സ്ത്രീകളെ ലക്ഷ്യമിട്ട് തുടർച്ചയായ കൊലപാതകങ്ങൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒമ്പത് സ്ത്രീകളുടെ മൃതദേഹങ്ങളാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേയാൾ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവങ്ങളിലെ സമാനതകൾ അന്വേഷണ സംഘത്തെ സീരിയൽ കില്ലറെന്ന സാധ്യതയിലേക്ക് നയിക്കുന്നുണ്ട്.

 

എകുർഹുലേനി മുനിസിപ്പാലിറ്റി പരിധിയിൽ കഴിഞ്ഞ ജൂലൈ മുതൽ എട്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഡോൺ പാർക്കിന് സമീപം റോഡരികിൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് വിവരം.

 

ഇതിനുമുമ്പ് വൈകുന്നേരം നടക്കാനിറങ്ങിയ 38കാരിയെ കാണാതായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം കെംപ്ടൻ പാർക്കിന് സമീപത്തുനിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സമാനമായ സാഹചര്യങ്ങളിൽ സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് നഗരവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

 

കൊലപാതകങ്ങൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് വലിയ തുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുവിലകൊടുത്തും കുറ്റവാളികളെ പിടികൂടുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയും വ്യക്തമാക്കി.

 

ലോകത്ത് ഉയർന്ന കൊലപാതകനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 60 പേരാണ് കൊല്ലപ്പെടുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .