മൂന്നാറിൽ ശൈത്യകാലം ശക്തമാകുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് താപനില ഇത്രയും താഴ്ന്നത്. താപനില കുറഞ്ഞതോടെ മൂന്നാറിലും പരിസരപ്രദേശങ്ങളിലും രാത്രിയിലും പുലർച്ചെയും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.
മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴ് ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ആറ് ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ഒരാഴ്ച മുമ്പ് മൂന്നാറിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. ഇപ്പോൾ വീണ്ടും താപനില കുറഞ്ഞതോടെ പ്രദേശത്ത് തണുപ്പ് കൂടുതൽ ശക്തമായിരിക്കുകയാണ്. വൈകുന്നേരങ്ങളിലും പുലർച്ചെയും മിക്ക പ്രദേശങ്ങളിലും കോടമഞ്ഞും ശക്തമാണ്. കാഴ്ചാപരിധി കുറയുന്ന രീതിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
രാത്രിയും പുലർച്ചെയും തണുപ്പ് കടുത്തതാണെങ്കിലും പകൽ സമയത്ത് മൂന്നാറിലെ കാലാവസ്ഥ വ്യത്യസ്തമാണ്. പകൽ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഈ കാലാവസ്ഥാ വ്യതിയാനം മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും കൗതുകമാകുകയാണ്.
തണുപ്പ് ആസ്വദിക്കാനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർധിക്കുന്നതിനൊപ്പം പുലർച്ചെയുള്ള യാത്രകളിൽ ആവശ്യമായ ചൂടുള്ള വസ്ത്രങ്ങൾ കരുതണമെന്നും നിർദേശിക്കുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .