നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ വൈകും. അപകടസമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ സൂക്ഷിക്കുന്ന ഇഡിആർ ജർമ്മനിയിലേക്ക് അയച്ച് പരിശോധിക്കാനാണ് തീരുമാനം. ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ വിവരങ്ങൾ പൊലീസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ നീക്കം വൈകാനിടയുണ്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ, അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. അഡ്വക്കേറ്റ് ജോൺ എസ്. റാൽഫിനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.