ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 37.700 കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടി. ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിലെ ജനറൽ കോച്ചിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥരില്ലാത്ത നിലയിൽ നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ശർക്കരയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പൊതിഞ്ഞാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ചാക്കുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ശർക്കരയുടെ മറവിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ഏകദേശം 19 ലക്ഷം രൂപ വിലവരും. സംഭവത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് തിരുവനന്തപുരം ഇൻസ്പെക്ടർ ജിപിൻ എ.ജെയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് തുടർനടപടികൾക്കായി ആലുവ എക്സൈസ് വിഭാഗത്തിന് കൈമാറി. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കുമെന്ന് ആർ.പി.എഫ് അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .