Loading time...
Local

മാസപ്പടി കേസ്: പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി; അപ്പീലുകൾ തള്ളി കോടതി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Oct 2026, 6:53 am
Updated on: 15 Oct 2026, 6:53 am
Share:
Follow Us: YouTube
Feature Image

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളിലെ അന്വേഷണം തുടരാൻ വഴിയൊരുങ്ങി.

 

കൊച്ചി ആസ്ഥാനമായ സിഎംആർഎൽ കമ്പനി, പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ എക്സാലോജിക്കിന് മാസപ്പടിയായി കോടികൾ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഒക്ടോബർ 9ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഉത്തരവ്.

 

വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഒക്ടോബർ 12ന് നാല് അപ്പീലുകൾ സമർപ്പിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീലുകൾ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി തള്ളി.

 

എഫ്ഐആർ ഇതിനകം രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഭരണഘടനാപരമായോ നിയമപരമായോ പ്രതികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്താനായിട്ടില്ലെന്നും ഇപ്പോൾ അപ്പീലുകൾ ഫയൽ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

 

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .