Loading time...
Global

‘താങ്ക് യൂ ഗീതു’; കോവിഡ് കാലത്തെ സേവനം, പിന്നീട് പ്രധാനമന്ത്രിയുടെ കുടുംബത്തിനും വിശ്വസ്ത പരിചാരക, ഗീതുവിനെ പേരെടുത്ത് അഭിനന്ദിച്ച് മാൾട്ട പ്രധാനമന്ത്രി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Nov 2026, 11:01 am
Updated on: 18 Nov 2026, 11:01 am
Share:
Follow Us: YouTube
Feature Image

മറ്റൊരു രാജ്യത്ത് പോയി ജോലി ചെയ്യുമ്പോഴും ആത്മാർഥമായ സേവനത്തിലൂടെ രാജ്യത്തിന്റെ ഉന്നത നേതൃത്വത്തിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് മലയാളി നഴ്സ്. മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയാണ് തന്റെ കുടുംബത്തിന് നൽകിയ പരിചരണത്തിന് ഗീതു ലൂയിസ് എന്ന മലയാളി നഴ്സിനോട് പരസ്യമായി നന്ദി അറിയിച്ചത്. പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം. 'നന്ദി ഗീതു, നിങ്ങളുടെ സേവനങ്ങൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു' എന്ന വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

 

പ്രധാനമന്ത്രിയുടെ കുടുംബത്തിലെ അംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം ഗീതുവിന്റെ സേവനം വലിയ ആശ്വാസമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കുടുംബത്തിന്റെ ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിച്ച ഗീതുവിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ തന്റെ ഉത്തരവാദിത്തം നിർവഹിക്കുകയായിരുന്നു താനെന്നും പാർലമെന്റിൽ പ്രധാനമന്ത്രി തന്റെ പേര് പരാമർശിച്ചപ്പോൾ ഏറെ അമ്പരന്നുപോയെന്നും 35കാരിയായ ഗീതു പ്രതികരിച്ചു.

 

2018ലാണ് ഗീതു മാൾട്ടയിലെത്തിയത്. നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നഴ്സായി ജോലി ചെയ്തിരുന്ന അവർ കോവിഡ് മഹാമാരിയുടെ കാലത്ത് മാൾട്ടയിലെ ആരോഗ്യരംഗത്ത് നിർണായക ചുമതലകൾ ഏറ്റെടുത്തു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന നടത്താൻ അധികൃതർ ആവശ്യപ്പെട്ടപ്പോൾ ധൈര്യപൂർവം മുന്നോട്ടുവന്നത് ഗീതുവായിരുന്നു. പിന്നീട് രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും വാക്സിനേഷൻ സെന്ററുകളുടെയും പ്രവർത്തനങ്ങളിൽ നഴ്സിങ് ടീമുകളെ നയിക്കുന്ന ഉത്തരവാദിത്തവും ലഭിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഗീതുവിന് സാധിച്ചു.

 

മാൾട്ടയിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ആശുപത്രികളിലേക്ക് നഴ്സുമാരെ ലഭ്യമാക്കുന്ന ഹെൽത്ത് മാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഗീതു ജോലി ചെയ്യുന്നത്. കോവിഡ് കാലത്ത് തന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച 250ലധികം നഴ്സുമാരും മലയാളികളായിരുന്നുവെന്ന് അവർ അഭിമാനത്തോടെ പറയുന്നു. നിലവിൽ മാൾട്ടയിൽ ഇന്ത്യയിൽ നിന്നുള്ള 1,200ലധികം നഴ്സുമാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരിൽ ഏകദേശം 80 ശതമാനവും മലയാളികളാണെന്നുമാണ് ഗീതുവിന്റെ കണക്ക്.

 

മാൾട്ടയുടെ സാമ്പത്തിക വളർച്ചയിലും വികസനത്തിലും വിദേശത്തുനിന്നെത്തി ജോലി ചെയ്യുന്നവരുടെ സംഭാവനകൾ പ്രധാനമാണെന്ന് വ്യക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഗീതുവിന്റെ സേവനത്തെക്കുറിച്ച് പരാമർശിച്ചത്. അതേസമയം, വിദേശ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങൾ പുതിയ ബജറ്റിൽ പിൻവലിച്ചതിനെച്ചൊല്ലി രാജ്യത്ത് ചർച്ചകൾ തുടരുകയാണ്. സൗജന്യ ശിശുസംരക്ഷണം, പൊതുഗതാഗത ആനുകൂല്യങ്ങൾ എന്നിവ പിൻവലിച്ചതും ഡ്രൈവിങ് ലൈസൻസ് ഫീസ് വർധിപ്പിച്ചതും വിദേശ തൊഴിലാളികൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു മലയാളി നഴ്സിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിൽനിന്ന് ലഭിച്ച പരസ്യമായ അഭിനന്ദനം ശ്രദ്ധേയമാവുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .