Loading time...
Local

ശബ്ദം കുറയ്ക്കാൻ പലവട്ടം കെഞ്ചി; വീടിന് മുന്നിലെ ഡി.ജെ ആഘോഷത്തിനിടെ 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Nov 2026, 6:09 am
Updated on: 16 Nov 2026, 6:09 am
Share:
Follow Us: YouTube
Feature Image

ഉച്ചത്തിലുള്ള ഡി.ജെ സംഗീതത്തിനിടെ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. വീടിന് മുന്നിൽ ഡി.ജെ വാഹനം നിർത്തി അമിത ശബ്ദത്തിൽ പാട്ടുവെച്ചതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശബ്ദം കുറയ്ക്കണമെന്നും വാഹനം മാറ്റണമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സംഘാടകർ തയ്യാറായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

 

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. അമ്മ റീമാദേവിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഡി.ജെ വാഹനത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് കരയാൻ തുടങ്ങി. ഇതോടെ വാഹനം മാറ്റണമെന്ന് ബന്ധുക്കൾ സംഘാടകരോട് അഭ്യർഥിച്ചെങ്കിലും അവർ ആവശ്യം പരിഗണിച്ചില്ല. പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

 

അമിത ശബ്ദത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡി.ജെ ഉപകരണങ്ങളുമായി എത്തിയ വാഹനം പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ ജയ്ശങ്കർ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

ഭർതൃവീട്ടിൽ കുഞ്ഞിനെയും അമ്മയെയും പരിചരിക്കാൻ ആളില്ലാത്തതിനാൽ കഴിഞ്ഞ പത്ത് ദിവസമായി റീമാദേവി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് വിഗ്രഹനിമജ്ജന ഘോഷയാത്ര വീടിന് മുന്നിലെത്തിയത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .