സമാനമായ പേരിന്റെ പേരിൽ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ച തെറ്റായ വാർത്തകൾ കാരണം പ്രതിസന്ധിയിലായി മാഞ്ഞൂരിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ 'ഉദയം കാറ്ററിംഗ്'. 25 വർഷക്കാലത്തെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത സ്ഥാപനത്തിന്റെ സൽപേരാണ് ഒരു തെറ്റിദ്ധാരണ മൂലം ഒറ്റദിവസം കൊണ്ട് തകർച്ചയുടെ വക്കിലെത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ 13-ന് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഷ്ണു എന്നയാളുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം രണ്ട് കല്യാണങ്ങൾക്ക് അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം സദ്യ നൽകാതെ തട്ടിപ്പ് നടത്തിയിരുന്നു. എന്നാൽ, മാധ്യമങ്ങളിൽ "കോട്ടയം ജില്ലയിലെ ഉദയം കാറ്ററിംഗ് അഡ്വാൻസ് വാങ്ങി സദ്യ നൽകിയില്ല" എന്ന രീതിയിൽ വാർത്തകൾ വന്നതാണ് മാഞ്ഞൂർ കൊടുത്തിരുത്തി എൻ.എസ്.എസ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന രാജേന്ദ്രന്റെ 'ഉദയം കാറ്ററിംഗിന്' തിരിച്ചടിയായത്.
വാർത്ത പരന്നതോടെ ഫോണിലൂടെയും വാട്സാപ്പിലൂടെയും വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് രാജേന്ദ്രന് നേരിടേണ്ടി വരുന്നത്. കൂടാതെ, മുൻകൂട്ടി ഓർഡർ ചെയ്ത പലരും ബുക്കിംഗുകൾ റദ്ദാക്കുകയും ചെയ്തു. 1999 മുതൽ മേഖലയിൽ പ്രവർത്തിക്കുന്ന രാജേന്ദ്രൻ, 2018 മുതലാണ് 'ഉദയം കാറ്ററിംഗ്' എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചത്.
തട്ടിപ്പ് നടത്തിയ സ്ഥാപനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് രാജേന്ദ്രൻ വ്യക്തമാക്കുന്നു. ഈ വ്യാജ പ്രചരണം കാരണം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 14-ഓളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. സത്യസന്ധമായി ജോലി ചെയ്യുന്ന തങ്ങളെ സഹായിക്കാൻ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇദ്ദേഹം അഭ്യർത്ഥിക്കുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .