കാസർകോട് വെള്ളരിക്കുണ്ടിൽ വീട്ടുപറമ്പിലെ കുളത്തിൽ വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം. മാലോം കാര്യോട്ട് ചാലിൽ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിലെ കുളത്തിലെ വെള്ളം ശുദ്ധീകരിക്കാൻ ക്ലോറിൻ ഇടുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ക്ലോറിൻ ഇടുന്നതിനിടെ സജി അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാബുവും അപകടത്തിൽപ്പെട്ടത്.
കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ മെൽവിൻ നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹങ്ങൾ കുളത്തിൽ കാണുന്നത്.
ചീമേനിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .