ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെറും 15 സെക്കൻഡിനുള്ളിൽ മുപ്പതോളം റൗണ്ട് വെടിയുതിർത്തെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. മിർ ബസാറിന് സമീപമുള്ള അഖ്റാൻ ക്യാംപിലെ ചെക്ക് പോസ്റ്റിലാണ് ബൈക്കിലെത്തിയ അക്രമികൾ വെടിവെപ്പ് നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം.
ക്യാംപിന് മുന്നിലെ കടകൾക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കുനേരെയാണ് വെടിവെപ്പുണ്ടായത്. വെടിയൊച്ച കേട്ടതോടെ ജവാന്മാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതും ആയുധങ്ങളുമായി തിരിച്ചെത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിനിടെ വെടിയുണ്ടകൾ നിലത്ത് പതിക്കുന്നതും ജവാന്മാർ പരസ്പരം മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
ആക്രമണത്തിൽ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നീ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ അനന്ത്നാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് വയറിലും നട്ടെല്ലിലും വെടിയേറ്റപ്പോൾ മറ്റ് രണ്ട് പേർക്ക് കാലിലും കൈയിലുമാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷാ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .