Loading time...
Local

വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദയാത്ര; ‘വിജ്ഞാന ദർശിനി’യുമായി കെ.എസ്.ആർ.ടി.സി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Oct 2026, 5:45 am
Updated on: 6 Nov 2026, 6:03 am
Share:
Follow Us: YouTube
Feature Image

സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതികൾക്ക് പിന്നാലെ വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി.

 

 പഠനത്തോടൊപ്പം പ്രായോഗിക അറിവും വിനോദവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘വിജ്ഞാന ദർശിനി’ പദ്ധതിക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് നേതൃത്വം നൽകുന്നത്. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

 

സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു സ്മാരകങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ നേരിട്ട് സന്ദർശിച്ച് അറിവ് നേടാനുള്ള അവസരമാണ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുക. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം വിവിധ മേഖലകളെക്കുറിച്ച് നേരിട്ടറിയാനും പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക അറിവ് നേടാനും യാത്രകൾ സഹായകമാകും.

 

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയും പരിസരത്തെ പ്രധാന വിനോദസഞ്ചാര-വിജ്ഞാന കേന്ദ്രങ്ങളുമാണ് യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം എന്നിവയും സന്ദർശിക്കാനാകും. മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

 

പൊന്മുടി യാത്രകൾക്കായി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകൾ ഉപയോഗിക്കും. ഒരു ബസിൽ 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാനാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള യാത്രകളും ക്രമീകരിക്കും.

 

പാക്കേജുകളുടെ വിശദാംശങ്ങൾ അറിയാനും യാത്രകൾ ബുക്ക് ചെയ്യാനും അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർമാരെ ബന്ധപ്പെടാം. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാർഥികൾക്ക് 9188938534 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .