കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന പരാതിയിലും കഞ്ചാവ് കൈവശം വച്ചതിനും യുവ ഡോക്ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം പട്ടം ലക്ഷ്മി നഗർ, എൽ.ഐ.സി. ലൈൻ, അജാസ് മൻസിൽ സ്വദേശിയുമായ അജാസ് ഖാൻ (29) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
അജാസ് ഖാനും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി.
മുറി തുറന്ന് അജാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് അജാസിനെ കീഴ്പ്പെടുത്തിയത്. മുറിയിൽ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ അജാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അജാസ് തന്നെ ആക്രമിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .