മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങളും അവഗണനയും തടയാൻ നിയമം കൂടുതൽ കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിലുള്ള മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. ബിൽ മുഖ്യമന്ത്രി ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.
മുതിർന്ന പൗരന്മാരെ ഉപദ്രവിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും നൽകാനാണ് ഭേദഗതിയിലെ വ്യവസ്ഥ. വയോധികരായ മാതാപിതാക്കളെയോ ആശ്രിതരെയോ വീട്ടിൽ നിന്ന് ഇറക്കിവിടുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ നിലവിലുള്ള മൂന്ന് മാസം തടവ് എന്നത് മൂന്ന് വർഷം വരെ ഉയർത്താനും ബില്ലിൽ ശുപാർശയുണ്ട്.
മാതാപിതാക്കളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകി അവരുടെ സ്വത്ത് എഴുതി വാങ്ങിയ ശേഷം സംരക്ഷണം നൽകാതിരിക്കുന്ന സാഹചര്യത്തിലും നടപടിയുണ്ടാകും. ഇത്തരത്തിൽ കൈമാറിയ സ്വത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി തിരികെ വാങ്ങാൻ റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകാനാണ് നിർദേശം. മാതാപിതാക്കൾക്ക് നൽകേണ്ട പ്രതിമാസ പരിപാലനത്തുകയിലും മാറ്റമുണ്ടാകും. നിലവിലുള്ള 10,000 രൂപയുടെ പരിധി ഒഴിവാക്കി, മക്കളുടെ വരുമാനവും വയോധികരുടെ ചികിത്സാച്ചെലവും കണക്കിലെടുത്ത് കൂടുതൽ തുക നിശ്ചയിക്കാൻ കോടതിക്ക് അധികാരം നൽകും.
നിലവിൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത മക്കൾക്കും കൊച്ചുമക്കൾക്കുമാണ്. പുതിയ ഭേദഗതി പ്രകാരം മരുമക്കൾ, ദത്തെടുത്ത മക്കൾ, നിയമപരമായ രക്ഷാകർത്താക്കൾ, വയോധികരുടെ സ്വത്തിന് അവകാശികളാകുന്ന ബന്ധുക്കൾ എന്നിവരെയും ഈ ഉത്തരവാദിത്വത്തിന്റെ പരിധിയിൽ കൊണ്ടുവരും. മുതിർന്ന പൗരന്മാരുടെ പരാതികൾ കൈകാര്യം ചെയ്യാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വയോജനങ്ങൾക്കായി കൂടുതൽ പദ്ധതികളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .