വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന്റോയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റം ചുമത്തി അബ്കാരി നിയമപ്രകാരമാണ് ആന്റോയെ എക്സൈസ് അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വീട്ടിൽനിന്ന് വലിയ തോതിൽ മദ്യശേഖരം കണ്ടെത്തിയത്.
നിയമപ്രകാരം ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്ന് ലിറ്ററാണ്. എന്നാൽ ആന്റോയുടെ വീട്ടിൽനിന്ന് 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും ഉൾപ്പെടുന്നു. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിഞ്ഞാൽ കുറ്റത്തിന്റെ ഗൗരവം വർധിക്കും.
അതേസമയം, സ്വന്തം ആവശ്യത്തിനായാണ് മദ്യം സൂക്ഷിച്ചതെങ്കിൽ വീട്ടിൽ സ്ഥിരതാമസക്കാരായ 12 മുതിർന്ന വ്യക്തികളെങ്കിലും ഉണ്ടെന്ന് തെളിയിക്കേണ്ട സാഹചര്യമുണ്ടെന്നാണ് എക്സൈസ് നിലപാട്. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്ക് കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം പറയുന്നു.
കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 വകുപ്പുകൾ പ്രകാരമാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യം എത്തിച്ചതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പും അന്വേഷണത്തിന്റെ പരിധിയിലുണ്ട്
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .