നിറം മാറിയെത്തിയ സംസ്ഥാന സർക്കാരിന്റെ 2027ലെ നീല കലണ്ടറിന് വിപണിയിൽ വൻ സ്വീകാര്യത. വിൽപ്പന ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടന്ന് കലണ്ടർ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഒക്ടോബർ 23 മുതൽ നവംബർ 12 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകളാണ് വിതരണം ചെയ്തത്.
ഇതിൽ 1,57,226 കലണ്ടറുകൾ പണം ഈടാക്കി വിറ്റപ്പോൾ 15,610 എണ്ണം സൗജന്യമായി നൽകി. ഓരോ പത്ത് കലണ്ടറുകൾ വാങ്ങുമ്പോഴും ഒരെണ്ണം സൗജന്യമായി നൽകുന്ന രീതിയിലാണ് വിതരണം. കഴിഞ്ഞ വർഷം മാർച്ച് വരെ 1.65 ലക്ഷം കലണ്ടറുകളായിരുന്നു വിറ്റഴിച്ചത്. ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഈ കണക്ക് മറികടക്കാനായി.
വർധിച്ച ആവശ്യകത കണക്കിലെടുത്ത് 10 ലക്ഷം കലണ്ടറുകൾ കൂടി അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ വിവിധ ഡിപ്പോകളിലായി എത്തിച്ച 2,96,000 കലണ്ടറുകളിൽ 1,23,164 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഒരു കലണ്ടറിന് 40 രൂപയാണ് വില.
വിൽപ്പനയിൽ തിരുവനന്തപുരം ജിസിപി പബ്ലിക്കേഷനാണ് മുന്നിൽ. ഇവിടെനിന്ന് 40,360 കലണ്ടറുകളാണ് വിതരണം ചെയ്തത്. ഇതിൽ 36,749 എണ്ണം വിറ്റതും 3,611 എണ്ണം സൗജന്യമായി നൽകിയതുമാണ്.
ജില്ലാ ഫോറം സ്റ്റോറുകളില്‍ എറണാകുളമാണ് ഒന്നാമത്. കോട്ടയം 16396, തൃശൂര്‍ 14001, പാലക്കാട് 13117, കോഴിക്കോട് 12665, കൊല്ലം 12594, കണ്ണൂര്‍ 12145, ആലപ്പുഴ 9375, മലപ്പുറം 9039, പത്തനംതിട്ട 4254 മണ്ണന്തല എഫ്.എസ് 1917, കാസര്‍കോട് 1493, വയനാട് 1281 എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ വില്‍പ്പന കണക്ക്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .