Loading time...
Local

ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര രോഗം; ദുരനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Nov 2026, 5:54 am
Updated on: 22 Nov 2026, 6:05 am
Share:
Follow Us: YouTube
Feature Image

സൗന്ദര്യം കൂട്ടാനായി ഉപയോഗിച്ച ഫെയർനെസ് ക്രീം ജീവിതത്തിൽ വലിയ ദുരിതം സമ്മാനിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. ക്രീം ഉപയോഗിച്ചതിന് പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായാണ് അദ്ദേഹം പറയുന്നത്. കണ്ണിനും കാലിനും നീരുവന്നു, മൂത്രത്തിൽ അസ്വാഭാവികമായ മാറ്റങ്ങളുണ്ടായി. ശരീരത്തിന്റെ പ്രതിരോധശേഷി പോലും ഗണ്യമായി കുറഞ്ഞു. മാസങ്ങളോളം ആശുപത്രികളിലും ചികിത്സയിലുമായി കഴിയേണ്ടി വന്നെന്നും സലീം വെളിപ്പെടുത്തി.

 

ഏകദേശം പത്ത് വർഷം മുമ്പാണ് കാസർകോട്ടുള്ള ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം സലീം ഈ ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ക്രീം ഉപയോഗിച്ച് സുഹൃത്തിന്റെ മുഖത്ത് വന്ന നിറവ്യത്യാസം കണ്ടാണ് താനും അത് പരീക്ഷിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചു. എന്നാൽ ഒന്നര മാസത്തോളം ഉപയോഗിച്ചതോടെ ആരോഗ്യനില മോശമാകാൻ തുടങ്ങി. ആദ്യം മൂത്രത്തിൽ അണുബാധയുണ്ടായി. പിന്നീട് കണ്ണിന്റെ കൺപോളകളിലും കാലുകളിലും നീര് പ്രത്യക്ഷപ്പെട്ടു. പരിശോധനയിൽ മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുന്നതായും കണ്ടെത്തി. വൃക്കകളെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേക്കാണ് ഇത് എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

 

ചികിത്സയ്ക്കിടെ വലിയ ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. എട്ട് മാസത്തോളം ചികിത്സ നടത്തിയ ശേഷമാണ് രോഗാവസ്ഥയിൽ നിന്ന് മോചനം നേടാനായത്. എന്നാൽ അന്നത്തെ അനുഭവങ്ങൾ ഇന്നും ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് സലീമിന്റെ വെളിപ്പെടുത്തൽ. ക്രീമിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ നിയമപരമായ ചില തടസ്സങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

അതേസമയം, മലപ്പുറം അരീക്കോട് സ്വദേശിയായ 17 വയസ്സുകാരിക്ക് ഫെയർനെസ് ക്രീമിന്റെ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം കേരളത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കുട്ടി ഉപയോഗിച്ചിരുന്ന ക്രീമിൽ അനുവദനീയമായ അളവിനേക്കാൾ വളരെ കൂടുതലായി മെർക്കുറി കണ്ടെത്തിയെന്നാണ് പരിശോധനാ റിപ്പോർട്ട്. ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിരുന്നതായാണ് കണ്ടെത്തൽ. ഇതേത്തുടർന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗവും സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

വിപണിയിൽ ലഭിക്കുന്ന എല്ലാ സൗന്ദര്യവർധക വസ്തുക്കളും സുരക്ഷിതമാണെന്ന് കരുതരുത്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് നിർമ്മാതാവിന്റെ വിവരങ്ങളോ അംഗീകാരമോ വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിറം വർധിപ്പിക്കുമെന്ന വാഗ്ദാനത്തേക്കാൾ പ്രധാനം ഉപയോഗിക്കുന്ന ഉൽപ്പന്നത്തിന്റെ സുരക്ഷിതത്വമാണെന്ന മുന്നറിയിപ്പാണ് ഈ സംഭവങ്ങൾ നൽകുന്നത്.