കെ.വൈ.സി (KYC) അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ വാട്സ്ആപ്പിൽ എത്തിയ വ്യാജ സന്ദേശത്തിലൂടെ മരട് സ്വദേശിയായ 61-കാരന് 38,000 രൂപ നഷ്ടമായി. സ്വകാര്യ സ്ഥാപനത്തിൽ നിന്നും വിരമിച്ച ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായത്.
കഴിഞ്ഞ മാസം 13-നാണ് ബാങ്കിൽ നിന്നാണെന്ന വ്യാജേന ഇദ്ദേഹത്തിന്റെ വാട്സ്ആപ്പിലേക്ക് കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന സന്ദേശം എത്തിയത്. ആദ്യ ദിവസങ്ങളിൽ ഇത് കാര്യമാക്കിയില്ലെങ്കിലും, പിന്നീട് ബാങ്കിംഗ് ഇടപാടുകൾ തടസ്സപ്പെടുമെന്ന ആശങ്കയിൽ ഇദ്ദേഹം സന്ദേശത്തിലുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു.
തുടർന്ന് ഈ മാസം രണ്ട്, മൂന്ന് തീയതികളിലായി നാല് തവണകളായി അക്കൗണ്ടിൽ നിന്നും 38,000 രൂപ പിൻവലിക്കപ്പെട്ടു. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ ബാങ്കിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് താൻ സൈബർ തട്ടിപ്പിന് ഇരയായ വിവരം ഇദ്ദേഹം തിരിച്ചറിയുന്നത്. സംഭവത്തിൽ കൊച്ചി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .