കാക്കനാട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരിയായ അക്ഷര (29) മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നടപ്പാതകൾ ഒരുക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിനും സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പരാതിയിലെ ആരോപണം.
അതിനിടെ, അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവർ സി.കെ. ബിനോയിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അപകടത്തിൽപ്പെട്ട 'മലയിൽ' ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരിയും തൃശ്ശൂർ സ്വദേശിനിയുമായ അക്ഷര അപകടത്തിൽ മരിച്ചത്. ജിമ്മിലെ വ്യായാമത്തിന് ശേഷം നടന്ന് മടങ്ങുന്നതിനിടെ ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിലോടുന്ന അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് അക്ഷരയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അതേസമയം, ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ബസിന്റെ പെർമിറ്റ് ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടത്തിലും ബസിനെതിരെ നടപടികൾ ആരംഭിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റൊരു ഗുരുതരമായ വിവരവും പുറത്തുവന്നു. ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് ബസിൽ നിയമിച്ചിരുന്നത്. ലഹരിയിടപാട് കേസിലും അടിപിടിക്കേസിലുമുൾപ്പെടെ സി.കെ. ബിനോയ് പ്രതിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.