Loading time...
Local

ഷിഗെല്ല രോഗബാധ:ഹോട്ടലുകളിൽ വ്യാപക പരിശോധന.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 9 Nov 2026, 7:11 pm
Updated on: 9 Nov 2026, 7:11 pm
Share:
Follow Us: YouTube
Feature Image

മലപ്പുറം അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. പൂക്കോട്ടുംപാടം അങ്ങാടിയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും വ്യാപക പരിശോധനയാണ് നടത്തുന്നത്. അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അശ്വതിയുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന.

 

കഴിഞ്ഞ ദിവസം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിനിടെ ഹോട്ടലുകളില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കി. ഭക്ഷണസാധനങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതും പഴകിയ ഭക്ഷണങ്ങള്‍ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ദാസ് അറിയിച്ചു.

 

അതേസമയം, പ്രദേശത്ത് നിലവില്‍ പുതിയ ഷിഗെല്ല രോഗബാധാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.