Loading time...
Local

എഎസ്ഐയെ നടുറോഡിൽ ആക്രമിച്ച പ്രതി പിടിയിൽ; വൈലത്തൂരിൽ കൈവിലങ്ങണിയിച്ച് തെളിവെടുപ്പ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 8 Nov 2026, 5:51 am
Updated on: 8 Nov 2026, 5:51 am
Share:
Follow Us: YouTube
Feature Image

മലപ്പുറത്ത് എഎസ്ഐയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. രണ്ട് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ തിരൂർ സ്വദേശി മുഹമ്മദ് സഫ്‌വാനെയാണ് ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടിയത്. അറസ്റ്റിന് പിന്നാലെ, നേരത്തെ ആക്രമണം നടന്ന വൈലത്തൂരിലെ അതേ റോഡിലൂടെ പ്രതിയെ കൈവിലങ്ങണിയിച്ച് പൊലീസ് നടത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

വൈലത്തൂരിൽ വാഹന പരിശോധനയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഹെൽമറ്റും ലൈസൻസുമില്ലാതെ മദ്യലഹരിയിൽ ഇരുചക്രവാഹനം ഓടിച്ചെത്തിയ യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത്. വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുന്നതിനിടെ പ്രകോപിതരായ യുവാക്കൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രനെയും സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീഷിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാമചന്ദ്രന്റെ മൂക്കിനും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റു. അദ്ദേഹത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സംഭവത്തിൽ മറ്റൊരു പ്രതിയായ തലക്കടത്തൂർ അരീക്കാട് സ്വദേശി ദിൽഷാദിനെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയായ സഫ്‌വാൻ സംഭവത്തിനുശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിലാണ് ഇയാൾ ആലപ്പുഴയിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

 

സഫ്‌വാനെതിരെ നേരത്തെയും കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം വീട്ടിൽ നിന്ന് 45 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും കുറ്റിപ്പുറത്ത് എംഡിഎംഎ പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.