Loading time...
Local

ഡോക്ടറുടെ ഫോണിൽ 12ലേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ; ബ്ലാക്ക്‌മെയിലിങ് നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 7 Nov 2026, 2:32 pm
Updated on: 7 Nov 2026, 2:32 pm
Share:
Follow Us: YouTube
Feature Image

നടിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയ ഡോക്ടറുടെ ഫോണിൽ കണ്ടെത്തിയത് പന്ത്രണ്ടിലേറെ സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ. ഡോ. ജോൺസൺ കെ. വർഗീസിന്റെ ഫോണിൽ നിന്നാണ് പൊലീസ് ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. ദൃശ്യങ്ങൾ ഉപയോഗിച്ച് ഇയാൾ ആരെയെങ്കിലും ബ്ലാക്ക്‌മെയിൽ ചെയ്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.ഫോൺ നടിയും സംഘവും പിടിച്ചെടുത്തതോടെ അതിലെ വിവരങ്ങൾ പുറത്തുവരുമെന്ന ഭയത്തിലാണ് ഡോക്ടർ പൊലീസിനെ സമീപിച്ചതെന്നാണ് സൂചന. എന്നാൽ സംഭവത്തിൽ പുതിയ വഴിത്തിരിവായത് ഡോക്ടർക്കെതിരെ നടിയുടെ ബന്ധു നൽകിയ പീഡനപരാതിയാണ്.

 

ഒക്ടോബർ ആദ്യവാരം കുടുംബ ഡോക്ടർ കൂടിയായ ജോൺസൺ മദ്യം നൽകി അവശയാക്കിയ ശേഷം ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകുമെന്ന ഭയവും ഇതുസംബന്ധിച്ച ആശങ്കയുമാണ് പരാതി നൽകാൻ വൈകാൻ കാരണമെന്നും യുവതി പറയുന്നു.

 

ഈ വിവരം അറിഞ്ഞതോടെയാണ് നടി ഡോക്ടറെ ബന്ധപ്പെടുന്നത്. ബന്ധുവിന്റെ ദൃശ്യങ്ങൾ ഫോണിലുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. ഇതിനായി നടനും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി. തുടർന്നുണ്ടായ സംഘർഷത്തിൽ ഡോക്ടർക്ക് മർദനമേറ്റു. ഇയാളുടെ ഫോണുകളും പിടിച്ചെടുത്തു.

 

അതേസമയം, തട്ടിക്കൊണ്ടുപോയി മർദിച്ചെന്നും മൂന്നേകാൽ ലക്ഷം രൂപ വിലയുള്ള ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുപറിച്ചെന്നുമായിരുന്നു ജോൺസൺ കടവന്ത്ര പൊലീസിൽ നൽകിയ പരാതി. ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് വിളിച്ചതിനെ തുടർന്നാണ് ഫ്ലാറ്റിലെത്തിയതെന്നും അവിടെവെച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഡോക്ടറുടെ മൊഴി.

 

എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്റെ മറ്റൊരു വശം പുറത്തുവന്നു. നടിയുടെ ബന്ധുവിനെ ബന്ധപ്പെട്ടതോടെയാണ് ഡോക്ടർക്കെതിരായ പീഡനാരോപണം പൊലീസിന് മുന്നിലെത്തിയത്. പിന്നാലെ യുവതി നൽകിയ പരാതിയിൽ കേസെടുക്കുകയും ചെയ്തു.

 

ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പൊലീസ് പരിശോധിച്ചപ്പോഴാണ് പന്ത്രണ്ടിലേറെ സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇവരിൽ മറ്റാരെങ്കിലും പരാതിയുമായി എത്തിയാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

 

അതിനിടെ, നടിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പൊലീസിന്റെ നിലപാട്.

 

അതേസമയം, പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ ഡോ. ജോൺസൺ ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനായി ഇൻഫോപാർക്ക് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.